കോട്ടയം : ഉമ്മൻചാണ്ടിയുടെ വിയോഗം മുതൽ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തന്നെയായിരുന്നു വാർത്തകളിൽ പ്രധാനമായും ഇടം പിടിച്ചത്. ചർച്ചകൾ ചൂടുപിടിച്ചപ്പോൾ നിലവിൽ ഇത്തരം ചർച്ചകൾ നടത്തേണ്ട കാര്യമില്ലെന്നും ഉമ്മൻചാണ്ടിയുടെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാകുന്ന നാല്പതാം നാളിന് ശേഷം മാത്രം പരസ്യമായ പ്രവർത്തനങ്ങളിലേക്ക് കടന്നാൽ മതി എന്നാണ് കോൺഗ്രസ് തീരുമാനം. സ്ഥാനാർത്ഥി ആരെന്ന കാര്യത്തിൽ തിടുക്കത്തിൽ തീരുമാനം വേണ്ടെന്നാണ് പാർട്ടി നിലപാട്. എന്നിരുന്നാലും ക്രാന്തദർശിയായ പിതാവിന്റെ രാഷ്ട്രീയ ബോധമുള്ള മകൻ എന്ന നിലയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മനെ പ്രഖ്യാപിക്കുവാനാണ് സാധ്യതകളേറയും. ഇതിനിടെ പുതുപ്പള്ളിയിൽ ബിജെപി സ്ഥാനാർഥിയായി അനിൽ ആന്റണിയെ രംഗത്തിറക്കും എന്ന തരത്തിലുള്ള ചർച്ചകളും ചൂടുപിടിക്കുന്നുണ്ട്. കോൺഗ്രസ് പാരമ്പര്യമുള്ള മുതിർന്ന നേതാവിന്റെ മകൻ ബിജെപിയിലേക്ക് ചേക്കേറിയതും പാർട്ടിയെ സംബന്ധിച്ച് അഭിമാന നിമിഷമാണ്. മാത്രമല്ല അനില്‍ ആന്റണിക്ക് ബിജെപി ദേശീയ ജനറൽ സെക്രട്ടറി എന്ന പദവി നൽകി അനുഗ്രഹിച്ചതും കഴിഞ്ഞ ദിവസമായിരുന്നു.
എല്ലായിടത്തും ജാതി കാർഡ് ഇറക്കുന്ന ബിജെപി പുതുപ്പള്ളിയിലും അതേ ആയുധം തന്നെ എടുക്കുവാൻ ഒരുങ്ങുകയാണ്. ഉമ്മൻചാണ്ടി എന്ന വ്യക്തിയെ പുതുപ്പള്ളി കൈവിടാതെ പിടിച്ചത് ക്രിസ്തീയ വിശ്വാസിയായതുകൊണ്ടാണ് എന്ന ചിന്ത ബിജെപിയിൽ ഉടലെടുത്തു കഴിഞ്ഞിരിക്കുന്നു എന്ന് വേണം കരുതുവാൻ. എന്നാൽ ഒരു ക്രിസ്ത്യാനി എന്നതിനേക്കാൾ മതേതര വോട്ടുകളും നിഷ്പക്ഷ വോട്ടുകളും അതിലുപരി മനുഷ്യത്വ വോട്ടുകളും നേടാനായി എന്നതാണ് ഉമ്മൻചാണ്ടിയുടെ വിജയവും. ഈ അവസരത്തിൽ ക്രിസ്തീയ വോട്ടുകൾ ലക്ഷ്യമിട്ടുകൊണ്ടാണ് ബിജെപി അനിൽ ആന്റണിക്ക് പുതുപ്പള്ളിയിൽ ടിക്കറ്റ് നൽകാൻ ഒരുങ്ങുന്നത് എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ ഉമ്മൻചാണ്ടിയെപ്പോലെ ഉള്ള കരുത്തനായ നേതാവിനെ കേരളത്തിന് സമ്മാനിച്ച പുതുപ്പള്ളിയെ ഇന്നലെ മുളച്ച ഒരു വ്യക്തിക്ക് മാറ്റിയെടുക്കാൻ സാധിക്കുകയില്ല. പുതുപ്പള്ളിയിൽ ഇനിയുള്ള അവസരത്തിൽ കോൺഗ്രസിന്റെ സമ്മതത്തോടുകൂടി ചാണ്ടി ഉമ്മൻ സ്വാധീനം പുലർത്തും എന്നത് കോൺഗ്രസിന് മാത്രമല്ല രാഷ്ട്രീയ കേരളത്തിനും വ്യക്തമാണ്. സ്ഥാനമാനങ്ങൾക്കായി പെട്ടെന്നൊരു സുപ്രഭാതത്തിൽ കൂറുമാറിയ ഒരു വ്യക്തിക്ക് വോട്ട് നൽകുന്നതിനേക്കാൾ സ്വന്തം അച്ഛന്റെ കൂടെ നിന്ന് പാർട്ടിയെ അനുസരിക്കുന്ന, അതിലുപരി ജനങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു വ്യക്തിത്വമാണ് ചാണ്ടി ഉമ്മൻ എന്നത് കേരളത്തിലെ ജനങ്ങളെ പ്രത്യേകം ബോധ്യപ്പെടുത്തേണ്ടതില്ല. ഒറ്റുകാരന്റെ വേഷം ചാണ്ടി ഉമ്മനിൽ ജനങ്ങൾ കാണുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
രാഷ്ട്രീയ കേരളം കണ്ട ഏറ്റവും വലിയ കൂട്ടുകെട്ടിൽ ഒന്നായിരുന്നു എ കെ ആന്റണിയും ഉമ്മൻചാണ്ടിയും. ഉമ്മൻചാണ്ടിയുടെ മൃതദേഹത്തിന് അരികിൽ നിന്ന് വിതുമ്പുന്ന എ കെ ആന്റണിയുടെ ദൃശ്യങ്ങൾ മാധ്യമങ്ങൾ ഇടവിടാതെ പകർത്തിയ നിമിഷങ്ങൾ കേരളത്തിലെ ജനങ്ങൾ കണ്ടതാണ്. മക്കൾ രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ ഉറച്ച സൗഹൃദമുള്ള നേതാക്കൾ ആയിരുന്നു ഇരുവരും. ഈ അവസരത്തിൽ ഇരു നേതാക്കളുടെ മക്കൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടുമോ എന്ന ചോദ്യവും സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടായപ്പോൾ പുതുപ്പള്ളി ചർച്ച ചൂട് പിടിച്ചിരിക്കുകയാണ്. എന്തുതന്നെയായാലും പുതുപ്പള്ളിയിൽ അനിൽ ആന്റണിക്ക് യാതൊരുവിധ മാറ്റങ്ങളും സൃഷ്ടിക്കുവാൻ സാധിക്കില്ല എന്ന് വേണം മനസിലാക്കാൻ. ബിജെപിയുടെ ജാതിവികാരം സിപിഎം ആളിക്കത്തിച്ചാൽ സിപിഎം സ്ഥാനാർഥിയാവാൻ സാധ്യതയുള്ള ജെയിക് സി തോമസിന്റെ പെട്ടിയിൽ വോട്ട് വിഹിതം കൂടും. എന്നിരുന്നാലും പുതുപ്പള്ളിയിൽ ബിജെപിയുടെ പ്രതീക്ഷകൾ ഒരു ചീട്ട് കൊട്ടാരം പോലെ തകർന്നു വീഴുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.