പാലക്കാട് : നാർക്കോട്ടിക് ജിഹാദ് പരാമർശ വിവാദത്തിൽ ബി.ജെ.പിക്കും കോൺഗ്രസിനുമെതിരെ രൂക്ഷവിമർശനവുമായി സി.പി.എം. ബി.ജെ.പി വർഗീയമായി ജനങ്ങളെ ചേരിതിരിക്കാൻ ശ്രമിക്കുകയാണെന്ന് എ.വിജയരാഘവൻ ആരോപിച്ചു. ആ ശൈലി കോൺഗ്രസും പിന്തുടരുന്നു. വി.ഡി സതീശനും രമേശ് ചെന്നിത്തലയും അതാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ നിലപാട് വ്യക്തമായി മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഐക്യം നല്ല രീതിയിൽ നിലനിൽക്കുന്നുണ്ടെന്നും എ.വിജയരാഘവൻ പറഞ്ഞു. കോൺഗ്രസിന്റെ മതനിരപേക്ഷത എന്തെന്ന് കേരളം കണ്ടതാണെന്ന് എ.കെ ബാലൻ പരിഹസിച്ചു. വിവാദ വിഷയം അടഞ്ഞ അധ്യായമാണ്. ചിലർ അത് കുത്തിപ്പൊക്കിക്കൊണ്ടുവരുന്നതിൽ ഗൂഡ ലക്ഷ്യം ഉണ്ട്. ഒരു വർഗീയ കലാപവും ഈ സർക്കാറിന്റെ കാലത്ത് നടക്കില്ലെന്നും എ.കെ ബാലൻ പറഞ്ഞു.
പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തിൽ സർക്കാരെടുത്ത നിലപാട് തെറ്റാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു. സർക്കാർ ഗുരുതരമായ തെറ്റാണ് ചെയ്യുന്നത്. സാഹചര്യം വഷളാക്കുകയാണ്. സർക്കാർ കാഴ്ചക്കാരായി നോക്കി നില്ക്കുകയാണ്. ഇത് അങ്ങേയറ്റം ആപൽക്കരമാണ്. ദുരഭിമാനം വെടിഞ്ഞ് സർവ്വകക്ഷി യോഗം വിളിക്കാൻ സർക്കാർ തയ്യാറാകണം. ബി.ജെ.പി എരിതീയിൽ എണ്ണയൊഴിക്കുന്നു. രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ് അവർ. കേന്ദ്ര മന്ത്രി വി.മുരളീധരനടക്കം ചെയ്യുന്നത് രാഷ്ട്രീയ മുതലെടുപ്പ് ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.