കൊച്ചി : ബിജെപി കേന്ദ്രനേതൃത്വവുമായി യാക്കോബായ സഭ നാളെ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയേക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി കേന്ദ്രനേതൃത്വം സഭ നേതൃത്വവുമായി ചര്‍ച്ചക്ക് താല്‍പ്പര്യം അറിയിക്കുകയായിരുന്നു. ആര്‍എസ്എസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചയെ സ്വാഗതം ചെയ്ത യാക്കോബായ സഭാ നേതൃത്വം ബിജെപിയുമായി തുടര്‍ചര്‍ച്ചകള്‍ നടത്തുമെന്ന് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് കൂടിക്കാഴ്ചക്ക് എത്താനുള്ള ക്ഷണമാണ് യാക്കോബായ സഭക്ക് ലഭിച്ചിരിക്കുന്നത്. യാക്കോബായ സഭയുടെ നാല് മെത്രാപ്പൊലീത്തമാരായിരിക്കും ചര്‍ച്ചയില്‍ പങ്കെടുക്കുക.
മലങ്കരസഭാ പള്ളിത്തര്‍ക്കം പരിഹരിക്കാന്‍ നിയമനിര്‍മാണം നടത്താമെന്ന ഉറപ്പ് ബിജെപി നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായാല്‍ സഭക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചേക്കും. അതേസമയം ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചാല്‍ വിശ്വാസികള്‍ തന്നെ അതിനെതിരെ പരസ്യമായി രംഗത്തെത്തുമെന്ന ആശങ്കയും സഭാ നേതൃത്വത്തിനുണ്ട്. എറണാകുളം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ സഭക്കും ബിജെപിക്കും അംഗീകരിക്കാനാവുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിര്‍ത്താനുള്ള ആലോചനകളും നടക്കുന്നുണ്ട്.