തിരുവനന്തപുരം : കോൺഗ്രസുമായുള്ള അവിശുദ്ധബന്ധത്തിന്റെ ജാരസന്തതിയാണ് എൽ.ഡി.എഫിന്റെ വിജയമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷനിൽ നടന്നത് നീചമായ വോട്ടുകച്ചവടമാണ്. ബി.ജെ.പിക്ക് വിജയസാധ്യതയുള്ള പ്രദേശങ്ങളിൽ യു.ഡി.എഫ്. ഇടതുമുന്നണിക്ക് വോട്ട് മറിച്ചു. ബി.ജെ.പിയെ തോൽപ്പിക്കാൻ യു.ഡി.എഫ്., എൽ.ഡി.എഫ്. പരസ്യധാരണയുണ്ടായിരുന്നു. ക്രോസ് വോട്ടിങ് അതിജീവിച്ചാണ് ബി.ജെ.പി. നിലമെച്ചപ്പെടുത്തിയത്.
10 സിറ്റിങ് വാർഡുകളിൽ ബി.ജെ.പിയെ തോൽപ്പിക്കാൻ യു.ഡി.എഫ്. വോട്ടുമറിച്ചിട്ടുണ്ട്. എൽ.ഡി.എഫിന്റെ വിജയം ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും സംഭാവനയാണ്. എന്നാലും ബി.ജെ.പിക്ക് വോട്ടുശതമാനത്തിൽ വർധനയുണ്ടാകും കെ. സുരേന്ദ്രൻ അവകാശപ്പെട്ടു.
കോൺഗ്രസിന്റെ പ്രസക്തി നഷ്ടമായ തിരഞ്ഞെടുപ്പാണിത്. എൽ.ഡി.എഫിനെ നേരിടുന്നതിൽ അവർ പരാജയപ്പെട്ടു. യു.ഡി.എഫ്. നേതൃത്വം ആത്മപരിശോധന നടത്തണം. എൽ.ഡി.എഫിന്റെ പരാജയം ഉറപ്പുവരുത്താൻ കഴിയുന്ന ഒട്ടേറെ സ്ഥലങ്ങളിൽ യു.ഡി.എഫിന്റെ പരസ്യധാരണ വ്യക്തമാണ്. ഇതേ സഹായം എൽ.ഡി.എഫ്. ചില സ്ഥലങ്ങളിൽ തിരിച്ച് കിട്ടി. ബി.ജെ.പി. അധികാരത്തിൽവരുന്നത് തടയിടുകയായിരുന്നു ഈ കൂട്ടുകെട്ടിന്റെ ലക്ഷ്യം സുരേന്ദ്രൻ പറഞ്ഞു.