തൃശൂർ : പൂരവുമായി ബന്ധപ്പെട്ട് മന്ത്രി വി എൻ വാസവൻ നടത്തിയ പ്രസ്താവന തിരുത്തണമെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ. തൃശൂർ പൂരത്തെ മതപരമായ ചടങ്ങല്ലെന്ന് വരുത്തി ഹിന്ദു സമൂഹത്തിൽ നിന്ന് അകറ്റാനുള്ള ഹിഡൻ അജണ്ടയുടെ ഭാഗമാണ് മന്ത്രിയുടെ പ്രസ്താവനയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തെറ്റ് തിരുത്തി മന്ത്രി മാപ്പ് പറയണം എന്നും പൂരത്തിന്‍റെ ചുമതലയുള്ള മന്ത്രി രാജൻ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും ഗോപാലകൃഷ്ണൻ തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. തൃശൂർ പൂരം തുടക്കം മുതൽ അവസാനം വരെ മതമാണ്. മന്ത്രി വാസവൻ മാപ്പ് പറയണം. പ്രസ്താവന പിൻവലിക്കണം.
അല്ലാത്തപക്ഷം ദേവസ്വം മന്ത്രിയായി ഇരിക്കാൻ അദ്ദേഹം യോഗ്യനല്ല. മത ചിഹ്നമില്ലാതെ കോലം എഴുന്നള്ളിക്കാനാകുമോ? മന്ത്രി രാജൻ നിലപാട് വ്യക്തമാക്കണം. ഹിന്ദു സമൂഹത്തിൽ നിന്നും, സംസ്കരിക്കാരത്തിൽ നിന്നും പൂരത്തിനെ അടർത്തി മാറ്റാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ വാസവനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റണം. വനംവകുപ്പാണ് അദ്ദേഹത്തിന് ചേരുന്നത്. നിലപാട് തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകും. ലക്ഷ്മണരേഖ ലംഘിക്കുന്നതാണ് വാസവന്‍റെ പ്രസ്താവനയെന്നും അദ്ദേഹം വ്യക്തമാക്കി.