ചെന്നൈ : തമിഴ് നടൻ സന്താനത്തിനെ വരാനിരിക്കുന്ന ഡിഡി നെക്സ്റ്റ് ലെവൽ എന്ന തമിഴ് ഹൊറർ കോമഡി ചിത്രം മേയ് 16 ന് തിയേറ്ററുകളിൽ എത്തുകയാണ്. റിലീസിന് രണ്ട് ദിവസം മാത്രം ശേഷിക്കെ ചിത്രവും നടനും പുതിയ വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. ചിത്രത്തിലെ കിസ്സ 47 എന്ന ഗാനത്തിൽ ശ്രീനിവാസ ഗോവിന്ദ എന്ന ഭക്തിഗാനം ഉപയോഗിച്ചത് ചില പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്. പാശ്ചാത്യ സംഗീത മിശ്രിതത്തിൽ ഇത്തരമൊരു ഐക്കണിക് ഭക്തിഗാനത്തിന്റെ ഉപയോഗത്തെ ബിജെപി നേതാവ് ഭാനുപ്രകാശ് റെഡ്ഡി വിമർശിച്ചു. സിനിമയിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും ട്രാക്ക് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
നിർമാതാക്കൾ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 100 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും നേതാവ് ആവശ്യപ്പെട്ടു. ഗാനത്തിലെ വരികൾ ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും അത് കലാപത്തിന് കാരണമാകുമെന്നും അതുവഴി ആളുകൾക്കിടയിൽ ഐക്യം തകരാൻ സാധ്യതയുണ്ടെന്നും ഭാനുപ്രകാശ് റെഡ്ഡി ആവശ്യപ്പെട്ടു. സന്താനത്തിനും നിഹാരിക എന്റർടൈൻമെന്റിനുമെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയും ചെയ്തു.എസ്. പ്രേം ആനന്ദ് ആണ് ചിത്രത്തിൻറെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. നിഹാരിക എന്റർടൈൻമെന്റ്സിന്റെ ബാനറിൽ വെങ്കട്ട് ബോയനപ്പള്ളിയും ആര്യയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഡിഡി നെക്സ്റ്റ് ലെവലിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ഓഫ്‌റോ ആണ്.