പത്തനംതിട്ട : പന്തളത്ത് പ്രമുഖ ബിജെപി നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. ബിജെപി നേതാവും ധര്‍മ സംരക്ഷണ സമിതി ചെയര്‍മാനുമായ എസ് കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള 30 ലധികം നേതാക്കളും പ്രവര്‍ത്തകരുമാണ് പാര്‍ട്ടി വിട്ടത്. തങ്ങള്‍ സിപിഎമ്മുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് അവര്‍ അറിയിച്ചു.
ശബരിമല വിഷയത്തില്‍ നാമജപ ഘോഷയാത്രയ്ക്ക് പന്തളത്ത് നേതൃത്വം നല്‍കിയ നേതാവാണ് കൃഷ്ണകുമാര്‍. പന്തളത്ത് ഇന്ന് നടക്കുന്ന യോഗത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കും. ബിഎംഎസ് മേഖലാ ജോയിന്റ് സെക്രട്ടറി എം സി സദാശിവന്‍, ബിജെപി മുനിസിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് എം ആര്‍ മനോജ് കുമാര്‍, ബാലഗോകുലം മുന്‍ താലൂക്ക് സെക്രട്ടറി അജയകുമാര്‍ വാളാകോട്ട്, മുനിസിപ്പല്‍ കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റ് സുരേഷ്, മഹിളാ മോര്‍ച്ച ആറന്മുള നിയോജകമണ്ഡലം സെക്രട്ടറി ശ്രീലത എന്നിവരടക്കം മുപ്പതിലധികം നേതാക്കളും പ്രവര്‍ത്തകരുമാണ് ബിജെപി വിട്ടത്.
ശബരിമല വിഷയത്തില്‍ പന്തളത്ത് നാമജപ ഘോഷയാത്ര നടത്തിയതിന് പിന്നിലെ ബുദ്ധിയും ആസൂത്രണവും കൃഷ്ണകുമാറിന്റേതായിരുന്നു. സംഘര്‍ഷത്തില്‍ കൃഷ്ണകുമാറിനെതിരെ കേസെടുക്കുകയും ജയിലില്‍ അടയ്ക്കുകയുംചെയ്തു. എന്നാല്‍ ബിജെപി ഉന്നത നേതാക്കള്‍ പിന്നെ കൃഷ്ണകുമാറിനെ തിരിഞ്ഞുനോക്കിയില്ല. ഇതില്‍ കടുത്ത അതൃപ്തിയിലായിരുന്നു ഇദ്ദേഹം.