പാലാ : പാലാ ബിജെപി മുൻ നിയോജകമണ്ഡലം പ്രസിഡന്റും വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ പാലാ ഏരിയായിലെ നൂറ്റിപ്പത്തോളം കുടുംബങ്ങൾ സിപിഐ എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ബിജെപിയെ കൂടാതെ കോൺഗ്രസ്, കേരളകോൺഗ്രസ്, സിപിഐ, എൻസിപി എന്നീ പാർട്ടികളിൽ നിന്നുള്ളവരടക്കം നൂറ് കണക്കിന് പ്രവർത്തകരാണ് സിപിഐ എമ്മിനൊപ്പം എത്തിയത്. നേതാക്കളെയും പ്രവർത്തകരെയും ഇഎംഎസ് മന്ദിരം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഹാരമണിയിച്ച് സ്വീകരിച്ചു.
ബിജെപി മുൻ പാലാ നിയോജക മണ്ഡലം പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ അസ്വ. ബിനു പുളിയ്ക്കക്കണ്ടത്തിന്റെ നേതൃത്വത്തിലാണ് നഗരസഭയിലെ 13, 14, 15 വാർഡുകളിലെ എൺപതോളം കുടുംബങ്ങളിൽ നിന്നുള്ള നൂറിൽപരം പ്രവർത്തകർ സിപിഐ എമ്മിനൊപ്പമെത്തിയത്. എൻസിപി മുൻ സംസ്ഥാന കമ്മിറ്റിയംഗവും വിശ്വകർമ്മ മഹാസഭ മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്റുമായ അനിൽ ആറുകാക്കൽ, സിപിഐ മുൻ നിയോജകമണ്ഡലം കമ്മിറ്റിയംഗവും കിസാൻസഭ ജില്ലാ നേതാവുമായ കെ എസ് രാമചന്ദ്രൻ എന്നിവരെയും പാർട്ടിയിലേക്ക് വരവേറ്റു.
കേരളകോൺഗ്രസ്, കോൺഗ്രസ് പാർടികൾ വിട്ടുവന്ന മീനച്ചിൽ, രാമപുരം പഞ്ചായത്തുകളിൽ നിന്നുള്ള പ്രവർത്തകർക്കും സ്വീകരണം നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറിയഗം ലാലിച്ചൻ ജോർജ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം ആർ ടി മധുസൂദനൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സജേഷ് ശശി, ടി ആർ വേണുഗോപാൽ, ജോയി കുഴിപ്പാല, വി ജി വിജയകുമാർ, ബിനുപുളിയ്ക്കക്കണ്ടം എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി പി എം ജോസഫ് സ്വാഗതവും കെ എസ് രാജു നന്ദിയും പറഞ്ഞു.