തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചും ഗവര്‍ണറെ അനുകൂലിച്ചും നാളെ നിയമസഭാ മാര്‍ച്ച് നടത്താനൊരുങ്ങി ബിജെപി. ബജറ്റിനായി സമ്മേളിക്കുന്ന നിയമസഭയിൽ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കാനിരിക്കെയാണ് ബിജെപി നടപടി. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടപടികളുമായി സര്‍ക്കാരും പ്രക്ഷോഭങ്ങൾക്കെതിരെ ഗവര്‍ണറും ശക്തമായ നിലപാട് തുടരുന്നതിനിടെയാണ് നിയമസഭ ചേരാനൊരുങ്ങുന്നത്. സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ നിയമ പരാമര്‍ശങ്ങൾ ഗവര്‍ണര്‍ എന്ത് ചെയ്യുമെന്ന ആകാംക്ഷയിലാണ് സഭാ സമ്മേളനം ആരംഭിക്കാൻ തയ്യാറെടുക്കുന്നത്.
അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രാഷ്‌ട്രപതി തിരിച്ചു വിളിക്കണമെന്ന പ്രമേയത്തിലുറച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നിയമസഭ പ്രമേയം ചര്‍ച്ച ചെയ്‌തു പാസാക്കണം. സഭാനേതാവായ മുഖ്യമന്ത്രിയാണ് പ്രമേയം കൊണ്ടുവരേണ്ടിയിരുന്നത്. എന്നാല്‍ ഭരണപക്ഷം കടമ നിര്‍വഹിക്കാത്തതിനാലാണ് പ്രതിപക്ഷ നേതാവ് എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രമേയത്തിന് നോട്ടീസ് നല്‍കിയതെന്നു രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഗവര്‍ണര്‍മാരെക്കൊണ്ട് രാഷ്ട്രീയം കളിപ്പിക്കുന്നത് ബി.ജെ.പിയുടെ അജന്‍ഡയുടെ ഭാഗമാണ്. നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും പ്രതിനിധിയായിട്ടാണ് ഗവര്‍ണര്‍ പ്രശ്നങ്ങളുണ്ടാക്കുന്നതെന്നു രമേശ് ചെന്നിത്തല പറഞ്ഞു.