കണ്ണൂര്‍: കളക്‌ട്രേറ്റിലേയ്ക്ക് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടറിയേറ്റിലെ ഫയലുകള്‍ കത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും സെക്രട്ടറിയേറ്റിലെ തീപിടുത്തം സംബന്ധിച്ച് അന്വേഷിക്കാനെത്തിയ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചുമാണ് ബിജെപി പ്രവര്‍ത്തകര്‍ ബുധനാഴ്ച രാവിലെ പതിനൊന്നു മണിയോടെ കളക്ടേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.
ബിജെപി ജില്ലാ കമ്മിറ്റി ആസ്ഥാനമായ മാരാര്‍ജി ഭവന്‍ സ്ഥിതി ചെയ്യുന്ന താളിക്കാവില്‍ നിന്നാണ് മാര്‍ച്ച് തുടങ്ങിയത്. മാര്‍ച്ച് നഗരം ചുറ്റി കളക്‌ട്രേറ്റ് പടിക്കല്‍ എത്തിയ ഉടന്‍ തന്നെ പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെ പോലീസ് തടഞ്ഞതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.
പോലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബിജെപി അഴീക്കോട് നിയോജക മണ്ഡലം പ്രസിഡണ്ട് സി.സി. രതീഷ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ബിജു വളക്കുഴി അടക്കമുള്ള നേതാക്കള്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടി.
മാര്‍ച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. രഞ്ചിത്ത് സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ കെ വിനോദ് കുമാര്‍ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് മോഹനന്‍ മഞ്ചേരി നന്ദിയും പറഞ്ഞു.
പോലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ കാല്‍ടെക്സ് ജംഗ്ഷനില്‍ ദേശീയപാത ഉപരോധിക്കുകയും ചെയ്തു. ഉപരോധത്തില്‍ പങ്കെടുത്തവരെ പോലീസ് പിന്നീട് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. സംഭവത്തില്‍ കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.