തിരുവനന്തപുരം : എൻഡിഎമുന്നണിയിലെ പാർട്ടികളുമായി ബിജെപിയുടെ ഉഭയകക്ഷി ചർച്ച ഇന്ന്. രാവിലെ മുതൽ തിരുവനന്തപുരത്താണ് ചർച്ച. ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസിന്റെ നേതൃത്വത്തിലാകും ഇന്നത്തെ ഉഭയകക്ഷി ചർച്ച പുരോഗമിക്കുക. കക്ഷികളെ ഓരോത്തരെ പ്രത്യേകം കണ്ടാണ് സീറ്റ് വിഭജനം ചർച്ച ചെയ്യുക. ബിജെപിയും ബിഡിജെഎസും മത്സരിക്കാൻ കണ്ണുവച്ച സീറ്റുകൾക്ക് വേണ്ടി ചെറുകക്ഷികൾ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. സീറ്റ് വിഭജന ചർച്ച അത്ര എളുപ്പമാകില്ലെന്നതിന്റെ സൂചനയാണ് ഇത്.
കഴിഞ്ഞ തവണ മത്സരിച്ച 37 സീറ്റുകൾ തന്നെ ബിഡിജെഎസ് ആവശ്യപ്പെടും. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനവും പാർട്ടിയിലെ പിളർപ്പും ബിഡിജെഎസ് മോഹങ്ങൾക്ക് തിരിച്ചടിയാകും. കേരള കാമരാജ് കോൺഗ്രസ് 15ഉം, എൽജെപി ഏഴും, നാഷണലിസ്റ്റ് കേരള കോൺഗ്രസ് 9 ഉം, സോഷ്യലിസ്റ്റ് ജനതാദൾ 5 സീറ്റിനും അവകാശവാദം ഉന്നയിക്കും. സ്വാധീന മണ്ഡലങ്ങളിൽ മികച്ച വ്യക്തി പ്രഭാവമുള്ള സ്ഥാനാർത്ഥികളെ ഉയർത്തിക്കാട്ടി വിലപേശാൻ കേരള കോൺഗ്രസ് പിസി തോമസ് വിഭാഗവും മുതിർന്നേക്കും.