ന്യൂഡല്‍ഹി: വിവാദ പ്രസ്താവനകളെ തുടര്‍ന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനും ബി.ജെ.പി നേതാവും എം.പിയുമായ പര്‍വേഷ് വര്‍മയ്ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തി. അനുരാഗ് താക്കൂറിന് 72 മണിക്കൂറും പര്‍വേഷ് വര്‍മക്ക് 96 മണിക്കൂറുമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിലക്കേര്‍പ്പെടുത്തിയത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് ബി.ജെ.പിക്ക് തിരിച്ചടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
ഇരുവരെയും ബി.ജെ.പിയുടെ സ്റ്റാര്‍ കാമ്പയിനര്‍മാരുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. ഡല്‍ഹിയില്‍ 70 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി എട്ടിനാണ് നടക്കുക. ഫെബ്രുവരി 11 നാണ് വോട്ടെണ്ണല്‍.