തിരുവനന്തപുരം : തലസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി കടന്നുപോയ പാതയിൽ തെരുവുവിളക്കുകൾ കത്താത്തതിൽ ബിജെപി പ്രതിഷേധം. വെള്ളയമ്പലത്തെ കെഎസ്ഇബി ഓഫീസിലേക്ക് പ്രവർത്തകർ മാർച്ച് നടത്തി. പ്രധാനമന്ത്രി രാജ്ഭവനിലേക്ക് പോകുന്ന വഴിയിൽ ബിജെപി സ്വീകരണം ഒരുക്കിയ വെള്ളയമ്പലം ജംഗ്ഷനിലെ തെരുവു വിളക്കുകൾ പ്രവർത്തിച്ചിരുന്നില്ല. ഇത് സുരക്ഷാ വീഴ്ചയെന്ന് ആരോപിച്ചാണ് പ്രതിഷേധം. കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി വെള്ളയമ്പലം ഭാഗത്തുള്ള തെരുവ് വിളക്കുകൾ പലതും പ്രകാശിച്ചിരുന്നില്ല. പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തുന്നു എന്നറിഞ്ഞിട്ടും നഗരസഭാ ഇതുമായി ബന്ധപ്പെട്ട് ഒരു ഇടപെടലുകളും നടത്തിയിരുന്നില്ല. അതിനിടയിലാണ് ഈ വിഷയം മുൻ നിർത്തിക്കൊണ്ട് ബിജെപി കൗൺസിലർമാർമാരും നേതാക്കളുമടക്കമുള്ളവർ രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ചില തർക്കങ്ങളും വെള്ളയമ്പലം ഭാഗത്ത് ഉണ്ടായി. പ്രധാനമന്ത്രി രാജ്ഭവനിലേക്ക് എത്തിയതിന് ശേഷമായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. എത്രയും വേഗം തെരുവുവിളക്കുകൾ പുനഃസ്ഥാപിക്കാമെന്ന കെഎസ്ഇബിയുടെ ഉറപ്പ് ലഭിച്ചതിന് ശേഷമാണ് പ്രവർത്തകർ സമരം അവസാനിപ്പിച്ച് മടങ്ങിയത്.
നാളെ നടക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ്ങിനായാണ് പ്രധാനമന്ത്രി എത്തിയത്. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ചീഫ് സെക്രട്ടറി, കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ തുടങ്ങിയവരും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു. രാത്രി എട്ടു മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മോദി രാജ്ഭവനിലേക്ക് പുറപ്പെടുകയായിരുന്നു. ഇന്ന് രാജ്ഭവനിൽ തങ്ങിയ ശേഷം പ്രധാനമന്ത്രി നാളെ പാങ്ങോട് ആർമി ക്യാമ്പിലെത്തി എയർഫോഴ്സിൻ്റെ വിമാനത്തിലായിരിക്കും പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖത്തെത്തിച്ചേരുക. കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖം നാളെ രാവിലെ 11 മണിക്കാണ് പ്രധാനമന്ത്രി നാടിനു സമർപ്പിക്കുക.