ഹൈദരാബാദ്: വിദ്വേഷ പ്രസംഗം നടത്തിയ തെലങ്കാന ബിജെപി എംഎല്‍എ രാജാ സിംഗിനെതിരെ കേസ്. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഇസ്ലാമിക രാജ്യങ്ങളാകുമെന്ന് രാമനവമി ദിവസം നടത്തിയ റോഡ് ഷോയില്‍ രാജാ സിംഗ് പ്രസംഗിച്ചിരുന്നു.ഐപിസി 153-എ (മതത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
രാജാ സിംഗിനെ പാര്‍ട്ടിയില്‍ നിന്ന് ബിജെപി സസ്‌പെന്‍ഡ് ചെയ്തിരുന്നു. അഖണ്ഡ ഹിന്ദു രാഷ്ട്രം പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് തെലങ്കാനയിലെ ഗോഷാമഹല്‍ എംഎല്‍എയായ രാജാ സിംഗ് ആവശ്യപ്പെട്ടത്. പ്രസംഗത്തില്‍ മുസ്ലീം സമൂഹത്തെ അപമാനിക്കുന്ന തരം പ്രസ്താവനകളുംരാജാ സിംഗ് നടത്തി. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുമെന്നും രാജാ സിംഗ് പ്രസ്താവന നടത്തി. തുടര്‍ന്ന് തെലങ്കാന പൊലീസ് രാജാ സിംഗിനെതിരെ കേസെടുത്തു. മതവികാരം വ്രണപ്പെടുത്തല്‍, കലാപാഹ്വാനം നടത്തി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഹൈദരാബാദ് അഫ്‌സല്‍ ഗുഞ്ജ് പോലീസ് കേസെടുത്തത്.