ഡൽഹി : കൊവിഡ് കാലത്ത് തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം മാറ്റി ബിജെപി. കൊവിഡ് 19 ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പരമ്പരാഗത രീതികള്‍ക്ക് പകരം സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി ബിജെപി തന്ത്രങ്ങള്‍ മെനയുന്നത്. വരാനിരിക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പുതിയ രീതിയിലായിരിക്കും പാര്‍ട്ടിയുടെ പ്രചാരണങ്ങളെന്ന് ദേശീയ അധ്യക്ഷന്‍ ജെ. പി നദ്ദ വ്യക്തമാക്കി.
രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം പൂര്‍ണമായി സാങ്കേതിക വിദ്യയെ ഉപയോഗിച്ച് നടത്താനാണ് ബിജെപി തീരുമാനം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 10 കോടി വീടുകളിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്തുകള്‍ എത്തിക്കുക, ഡിജിറ്റല്‍ റാലി നടത്തുക എന്നിവാണ് പ്രധാന പരിപാടികള്‍. വാര്‍ത്താസമ്മേളനങ്ങള്‍, 250 പൊതുസമ്മേളനങ്ങള്‍, 500 റാലികള്‍ എന്നിവയും സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംഘടിപ്പിക്കും. പരമ്പരാഗത രാഷ്ട്രീയ പ്രവര്‍ത്തനത്തിന് കൊവിഡ് 19 വലിയ രീതിയില്‍ മാറ്റം വരുത്തുമെന്നും നദ്ദ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തൊഴില്‍ നഷ്ടപ്പെട്ട് വീടുകളിലെത്തിയ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ ബിജെപി മുന്നിലുണ്ടാകുമെന്നും കൊവിഡ് പ്രതിസന്ധി നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറില്‍ ജെഡിയു-ബിജെപി സഖ്യമാണ് ഭരിക്കുന്നത്. വരും തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടി മുഖ്യമന്ത്രി സ്ഥാനം കൈപ്പിടിയിലൊതുക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.