ന്യൂഡൽഹി : ജനകീയ കർഷക പ്രതിരോധത്തിനും പ്രതിപക്ഷ പ്രക്ഷോഭത്തിനും മുമ്പിൽ കേന്ദ്രസർക്കാരിന് മുട്ടു മടക്കേണ്ടി വന്നു എന്നുള്ളതാണ് യാഥാർഥ്യമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. ഗത്യന്തരമില്ലാതായപ്പോൾ ഒരു കൊല്ലമായി കർഷകരെ ദുരിതത്തിലാഴ്ത്തിയ നയങ്ങൾ കേന്ദ്രസർക്കാരിന് പിൻവലിക്കേണ്ടി വന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴെങ്കിലും സമരത്തിന് മുന്നിൽ മുട്ടുമടക്കി നിയമങ്ങൾ പിൻവലിക്കാൻ തയ്യാറായ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്നും ഇത് ജനങ്ങളുടേയും കർഷകരുടേയും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷപാർട്ടികളുടേയും വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയപരമായ നേട്ടം ലക്ഷ്യമാക്കിയുള്ള തീരുമാനമാണ് സർക്കാർ ഇപ്പോൾ കൈക്കൊണ്ടതെങ്കിലും കാര്യങ്ങളുടെ നിജസ്ഥിതി എല്ലാവർക്കും അറിയുന്നതിനാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ അത് ബിജെപിയ്ക്ക് അനുകൂലമായി പ്രതിഫലിക്കാനിടയില്ലെന്നും കെ.സി വേണുഗോപാൽ പ്രതികരിച്ചു.
സമരത്തിനിടെ നിരവധി കർഷകർക്ക് ജീവൻ നഷ്ടപ്പെട്ടു. കേന്ദ്രസർക്കാരിന്റെ നിലപാട് നിരവധി പേരുടെ ജീവിതത്തിൽ ഏറെ പ്രയാസങ്ങളുണ്ടാക്കി. ഒരു കാര്യവുമില്ലാതെ കൃഷിക്കാരെ വെല്ലുവിളിച്ചു കൊണ്ടുണ്ടാക്കിയ നിയമം മൂലം ഒരു വർഷത്തിലധികമായി കൃഷിക്കാർ തെരുവിലാണ്. അവരുടെ കഷ്ടപ്പാടുകളും വേദനകളും നമ്മൾ കണ്ടതാണ്. നിരവധി കർഷകർ സമരത്തിനിടെ മരിച്ചു വീണു. പാർലമെന്റിന്റെ ഒരു സമ്മേളനം മുഴുവൻ അലങ്കോലപ്പെട്ടത് ഈ സമരത്തിന്റെ ഭാഗമായാണ്. അംഗങ്ങളെ സസ്പെൻഡ് ചെയ്താണ് സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചതെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.
കർഷകരെ വിളിച്ച് ഒരിക്കൽ പോലും സംസാരിക്കാൻ തയ്യാറാകാത്ത സർക്കാരിന്റെ ഈ തീരുമാനത്തിന് പിന്നിലെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കാൻ സാധിക്കാത്തവരല്ല ഇന്ത്യക്കാരെന്നും അദ്ദേഹം പറഞ്ഞു. കൃഷിക്കാർക്കൊപ്പം നിൽക്കുക എന്നതാണ് കോൺഗ്രസ്സിന്റെ നിലപാടെന്നും അത് ഇനിയും തുടരുമെന്നും കെ.സി വേണുഗോപാൽ അറിയിച്ചു. കർഷകർക്കെതിരെയുള്ള കേസുകൾ പിൻവലിക്കാനാണ് പഞ്ചാബ് സർക്കാരിന്റെ തീരുമാനമെന്നും കർഷകരുടെ ഉന്നമനത്തിനായി പ്രക്ഷോഭങ്ങളും പരിപാടികളുമായി കോൺഗ്രസ് തുടർന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.