ഭോപ്പാല്‍: മഹാരാഷ്ട്രയിലെ അറവുശാലകളിലേയ്ക്ക് കന്നുകാലികളെ കള്ളക്കടത്ത് നടത്തുകയായിരുന്ന ബിജെപി യുവനേതാവടക്കം അറസ്റ്റില്‍. മധ്യപ്രദേശില്‍ നിന്ന് മഹാരാഷ്ട്രയിലെ വിവിധ അറവുശാലകളിലേക്കായി 165 കന്നുകാലികളെ കടത്തുന്നതിനിടയിലാണ് ലാല്‍ബാറ മേഖലയില്‍ നിന്ന് ബാലഘട്ട് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
പ്രദേശവാസികള്‍ നല്കിയ സൂചനകളെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് പശുക്കളും കാളകളും സഹിതം കള്ളക്കടത്തുസംഘത്തെ അറസ്റ്റ് ചെയ്തത്. ഇന്‍ഡോറിലെ മൗ കന്നുകാലി മാര്‍ക്കറ്റിലെ വ്യാപാരികളാണെന്നാണ് ഇവര്‍ അവകാശപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ഇതു തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും നല്കാതെ രക്ഷപ്പെടാന്‍ ശ്രമിച്ച പത്തുപേരടങ്ങുന്ന സംഘത്തെ കന്നുകാലികള്‍ സഹിതം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പത്തുമണിക്കൂര്‍ നീണ്ട പരിശോധനയ്ക്കൊക്കൊടുവില്‍ 165 കന്നുകാലികള്‍, നാല് ഇരുചക്രവാഹനങ്ങള്‍ എന്നിവയും കസ്റ്റഡിയിലെടുത്തെന്ന് ലാല്‍ബാറ പോലീസ് സബ് ഇന്‍സ്പെക്ടര്‍ രഘുനാഥ് ഖട്ടാര്‍കര്‍ പറഞ്ഞു. ബിജെപിയുടെ യുവജന വിഭാഗമായ യുവമോര്‍ച്ചയുടെ ബാലഘട്ട് സമിതിയുടെ ജനറല്‍ സെക്രട്ടറി മനോജ് പാര്‍ധി ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്.
രണ്ടു ദിവസം മുമ്പ് ഇതേസ്ഥലത്തുവെച്ച് 25 കന്നുകാലികളുമായി സഞ്ചരിക്കുകയായിരുന്ന വാഹനം പോലീസ് പിടികൂടിയിരുന്നു. അലഞ്ഞുതിരിയുന്ന കന്നുകാലികളെ മഹാരാഷ്ട്രയിലേയ്ക്ക് കടത്തുന്നവരാണ് തങ്ങളെന്ന് സംഘാംഗങ്ങള്‍ സമ്മതിച്ചിരുന്നതായി പോലീസ് പറഞ്ഞു.