പത്തനംതിട്ട : കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ബിലീവേഴ്‌സ് ചര്‍ച്ചിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തിയിരുന്നു. അതിനു പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
കെ.പി. യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ചിന് കീഴിലായി പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 15 കോടിയോളം രൂപ കണ്ടെത്തിയിരുന്നു. വിവിധ സ്ഥാപനങ്ങള്‍ വഴി കള്ളപ്പണവും വെളുപ്പിച്ചിട്ടുണ്ട്. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ വാഹനങ്ങളില്‍ നിന്നും ഓഫീസുകളില്‍ നിന്നും മറ്റുമായാണ് കണക്കില്‍പെടാത്ത ഈ തുക കണ്ടെത്തിയിരിക്കുന്നത്. നിരോധിച്ച അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകളും ഇതിനൊപ്പം പിടിച്ചെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിദേശത്തു നിന്നും ഫണ്ട് സ്വീകരിക്കുന്നതിനുള്ള നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ബിലീവേഴ്‌സ് ചര്‍ച്ച് പണം കൈപ്പറ്റിയിരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍ 6000 കോടി രൂപയോളം ബിലീവേഴ്‌സ് ചര്‍ച്ച് കൈപ്പറ്റിയത്. ഇത് ഉപയോഗിച്ച് സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.