തൊടുപുഴ: ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി കെഎസ്ഇബി ബിൽ. തൊടുപുഴയിലാണ് സംഭവം. നാട്ടുകാരെ അമ്പരപ്പിച്ച് 300 ലധികം ഉപഭോക്താക്കൾക്കാണ് ഇത്തവണത്തെ കറന്റ് ബിൽ 10 ഇരട്ടിയിലേറെ വന്നിരിക്കുന്നത്. 3000 അടച്ചിരുന്നയാൾക്ക് 60,000 ത്തിന്റെ ബില്ലാണ് നിലവിൽ കിട്ടിയിരിക്കുന്നത്. ഒരാൾക്ക് മാത്രമല്ല, 300ലധികം ഉപഭോക്താക്കൾക്കാണ് ബില്ല് ഇരട്ടിയിലധികമായി ലഭിച്ചിരിക്കുന്നത്. അതേസമയം, വിഷയം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പ്രതികരണവുമായി കെഎസ്ഇബി രംഗത്തെത്തി. പ്രശ്നം അന്വേഷിക്കുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. അതേസമയം കറൻ്റ് ബില്ല് ഇരട്ടിയിലധികം രൂപയായി എന്ന് കാണിച്ച് ഫേസ്ബുക്കിലൂടെ ഒരാൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മലപ്പുറത്താണ് സംഭവം.
വിവിധ വീടുകളിലെ വൈദ്യുതി ബില്ലിൽ വന്ന വര്‍ധന ചൂണ്ടിക്കാട്ടി ‘കുഞ്ഞൻ പാണ്ടിക്കാട്’ എന്ന ഫേസ്ബുക്ക് അക്കൗണ്ടാണ് കെഎസ്ഇബിക്കെതിരെ രംഗത്തെത്തിയത്. എന്നാൽ വീഡിയോ വൈറലായതോടെ പ്രതികരണവുമായി കെഎസ്ഇബി രംഗത്തെത്തി. കഴിഞ്ഞ രണ്ട് തവണ വൈദ്യുതി ബില്ലില്‍ വന്ന വര്‍ധന ചൂണ്ടിക്കാട്ടിയാണ് ‘കുഞ്ഞൻ പാണ്ടിക്കാട്’ വിമര്‍ശനം ഉന്നയിച്ചത്. ഇതിന് കണക്കുനിരത്തിയാണ് കെഎസ്ഇബി മറുപടി പറഞ്ഞിട്ടുള്ളത്. ഇത്തരം വ്യാജപ്രചാരണങ്ങളിലൂടെ കെ എസ് ഇ ബി ലിമിറ്റഡ് എന്ന പൊതുമേഖലാസ്ഥാപനത്തെ പൊതുജനമധ്യത്തിൽ അപഹസിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.