മുംബൈ: മഹാരാഷ്ട്രയിലെ പള്ളിയിൽ ജലാസ്റ്റിൻ സ്റ്റിക്ക് പൊട്ടിത്തെറിച്ചു. ബീഡ് ജില്ലയിലെ ആർദ മസ്‍ല ഗ്രാമത്തിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. സ്ഫോടനത്തിൽ പള്ളിക്കകം തകർന്നു. ആർക്കും പരിക്കില്ല. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് പിടികൂടി. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വലിയ രീതിയിലുള്ള പോലീസിനെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഒരാൾ പള്ളിയുടെ പിന്നിലൂടെ പ്രവേശിച്ച് ജലാറ്റിൻ സ്റ്റിക്കുകൾ സ്ഥാപിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സ്ഫോടനത്തിന് പിന്നാലെ ഗ്രാമത്തലവൻ പുലർച്ചെ നാലോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഉടൻ തന്നെ ബീഡ് എസ്പി നവനീത് കൻവാത്തടക്കമുള്ള ഉന്നത പോലീസ് സംഘം പ്രദേശത്തെത്തി. ബോംബ് സ്ക്വാഡും ഫോറൻസിക് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നിലുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ക്രമസമാധാനം നിലനിർത്താൻ സഹകരിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു.