ലഖ്‌നൗ: ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചു. സമാജ് വാദിപാർട്ടി മുൻ എംപി അതീഖ് അഹമ്മദിന്റെ മകൻ ആസാദ് ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങളാണ് കനത്ത പോലീസ് കാവലിൽ സംസ്‌കരിച്ചത്. ഉമേഷ് പാൽ കൊലപാതക കേസിലെ പ്രതികൾ വ്യാഴാഴ്ചയാണ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. പ്രതികളുടെ മൃതദേഹം സംസ്‌കരിക്കുമ്പോൾ സംഘർഷ സാധ്യത ഉണ്ടായേക്കാമെന്ന നിഗമനത്തിൽ പോലീസ് പ്രയാഗ് രാജിൽ സുരക്ഷ ശക്തമാക്കി. സംസ്‌കാര ചടങ്ങുകൾ നടക്കുന്ന ശ്മശാനത്തിന് ചുറ്റും ഇരുന്നൂറു പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നു.
കൊല്ലപ്പെട്ട ആസാദിന്റെ 25 ബന്ധുക്കൾക്ക് മാത്രമാണ് ശ്മശാനത്തിന് അകത്തേക്ക് പ്രവേശനം അനുവദിച്ചത്. മാധ്യമങ്ങളെയും പൊതുജനങ്ങളെയും ശ്മശാനത്തിൽ നിന്ന് പുറത്താക്കി. ഉമേഷ് പാലിനെയും അംഗ രക്ഷകരെയും കൊലപ്പെടുത്തിയ സംഘത്തിൽ ആസാദും ഉണ്ടായിരുന്നു. ആസാദിന്റെ പിതാവും മുൻ ലോക്‌സഭാ അംഗവുമായ അതീഖ് അഹമ്മദ് പ്രതിയായ എംഎൽഎ രാജു പാൽ കൊലപാതക കേസിലെ സാക്ഷിയായിരുന്നു ഉമേഷ് പാൽ. വ്യാഴാഴ്ച കൊല്ലപ്പെട്ട ആസാദിനും സഹായിക്കും മുൻപ് കേസിലെ പ്രതികളായ മറ്റ് രണ്ട് പേരും സമാനമായ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. മകന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ അതീഖ് അഹമ്മദ് സമർപ്പിച്ച അപേക്ഷ അധികൃതർ നേരത്തെ തള്ളിയിരുന്നു.