ഡൽഹി : 2012-ലെ നിര്‍ഭയ കൂട്ടക്കൊല കേസിലെ നാല് പ്രതികളുടേയും വധശിക്ഷയും അതിനുള്ള നടപടിക്രമങ്ങളും കൃത്യം സമയം പാലിച്ചാണ് തീഹാര്‍ ജയില്‍ അധികൃതര്‍ നടപ്പാക്കിയത്. അര്‍ധരാത്രിയില്‍ ഡൽഹി ഹൈക്കോടതിയിലും പിന്നീട് പുലര്‍ച്ചെ മൂന്നര വരെ സുപ്രീംകോടതിയിലും നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ തടയണം എന്നാവശ്യപ്പെട്ടുള്ള വാദം നടന്നിരുന്നു. വധശിക്ഷ മാറ്റിവച്ചേക്കുമോ എന്ന ആകാംക്ഷയ്ക്ക് ഒടുവിലാണ് വധശിക്ഷ നടപ്പാക്കുന്നതിനെതിരെ പ്രതികളുടെ അഭിഭാഷകനായ എ. പി സിംഗ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയത്.
വധശിക്ഷ നടപ്പാക്കുന്നതിനുള്ള അവസാന തടസവും സുപ്രീംകോടതി എടുത്തു മാറ്റിയതോടെ തീഹാര്‍ ജയിലില്‍ വിധി നടപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. വധശിക്ഷ നടപ്പാക്കാന്‍ ചുമതലയുള്ള ജയില്‍ ഉദ്യോഗസ്ഥര്‍ യോഗം ചേരുകയും അവസാനവട്ട വിലയിരുത്തലുകള്‍ നടത്തുകയും ചെയ്തു. ആരാച്ചാര്‍ പവന്‍ ജല്ലാദും യോഗത്തില്‍ പങ്കുചേര്‍ന്നു. അവസാനമായി കുടുംബാംഗങ്ങളെ കാണാന്‍ നാല് പ്രതികളും താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ജയില്‍ മാനുവല്‍ പ്രകാരം ബന്ധുക്കളെ കാണാന്‍ ഇനി അവസരം നല്‍കാനാവില്ലെന്ന് തീഹാര്‍ ജയില്‍ അധികൃതര്‍ വ്യക്തമാക്കി.
അക്ഷയ് താക്കൂറിന്‍റെ കുടുംബം അവസാനമായി ഇയാളെ കാണണമെന്ന ആഗ്രഹത്തോടെ ജയിലില്‍ എത്തിയെങ്കിലും ഇനി കാണാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെ 4.45-ഓടെ പ്രതികളെ ഉദ്യോഗസ്ഥര്‍ അവസാന വട്ട പരിശോധനയ്ക്ക് വിധേയരാക്കി. പ്രതികളുടെയെല്ലാം ശാരീരിക ക്ഷമത തൃപ്തികരമാണെന്ന് ഡോക്ടര്‍ പരിശോധിച്ചു സാക്ഷ്യപ്പെടുത്തി. തുടര്‍ന്ന് നാല് പ്രതികള്‍ക്കും പത്ത് മിനിറ്റ് നേരം പ്രാര്‍ത്ഥനയ്ക്കായി അനുവദിച്ചു.
5.29-ഓടെ ജയില്‍ അധികൃതര്‍ നാല് പ്രതികളുടേയും മരണവാറണ്ട് വായിച്ചു കേള്‍പ്പിച്ചു. ആരാച്ചാരായ പവന്‍ ജല്ലാദിനെ സഹായിക്കാന്‍ നാല് പേരെ അധികൃതര്‍ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ പ്രതികളുടെ കഴുത്തില്‍ തൂക്കുകയര്‍ അണിയിച്ചു. കൃത്യം 5.30-ന് നാല് പ്രതികളുടേയും വധശിക്ഷ നടപ്പായി. 5.31-ന് ഇക്കാര്യം ജയില്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പിന്നാലെ തീഹാര്‍ ജയിലിന് മുന്നില്‍ ആഹ്ളാദാരവങ്ങള്‍ മുഴങ്ങി.
അഞ്ചരയ്ക്ക് ഒരുമിച്ച് തൂക്കിലേറ്റിയ നാല് പേരുടേയും മൃതദേഹങ്ങള്‍ ചട്ടപ്രകാരം അരമണിക്കൂര്‍ സമയം കൂടി തൂക്കുകയറില്‍ തന്നെ കിടന്നു. മരണം പൂര്‍ണമായും ഉറപ്പാക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. തുടര്‍ന്ന് രാവിലെ ആറ് മണിയോടെ നാല് പേരുടേയും മൃതദേഹങ്ങള്‍ തൂക്കുകയറില്‍ നിന്നും അഴിച്ചു മാറ്റി. മൃതദേഹങ്ങള്‍ വിട്ടുതരണം എന്ന് ആവശ്യപ്പെട്ട് നാല് പ്രതികളുടേയും ബന്ധുക്കള്‍ ജയില്‍ അധികൃതരെ സമീപിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെയൊരു തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.
പ്രതികളുടെ മൃതദേഹങ്ങള്‍ ജയിലില്‍ നിന്നും ദീന്‍ദയാല്‍ ഉപാധ്യായ ആശുപത്രിയിലേക്ക് കൊണ്ടു പോകും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ജയിലിലേക്ക് തിരികെ കൊണ്ടു വരുമോ അതോ ബന്ധുകള്‍ക്ക് വിട്ടുനല്‍കുമോ എന്നാണ് ഇനിയറിയേണ്ടത്. പാര്‍ലമെന്‍റ് ആക്രമണ കേസ് പ്രതി അഫ്‍സല്‍ ഗുരുവിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാതെ ജയില്‍ വളപ്പില്‍ തന്നെ സംസ്‍കരിക്കുകയാണ് ചെയ്തത്.