ദില്ലി : നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2013 ല്‍ നടന്ന റാലിക്കിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ നാലു പേര്‍ക്ക് വധശിക്ഷ. പ്രത്യേക എന്‍ഐഎ കോടതി തിങ്കളാഴ്ചയാണ് ശിക്ഷ വിധിച്ചത്. കേസിലെ 10 പ്രതികളില്‍ ഒന്‍പത് പേരെയും കോടതി ശിക്ഷിച്ചു. രണ്ട് പേര്‍ക്ക് ജീവപര്യന്തം തടവും രണ്ട് പേര്‍ക്ക് പത്ത് വര്‍ഷം തടവുമാണ് ശിക്ഷ. ഒരാളെ ഒരു വര്‍ഷം തടവിനും ശിക്ഷിച്ചു.
‘ബ്ലാക്ക് ബ്യൂട്ടി’ എന്ന ഹൈദര്‍ അലി, നമാന്‍ അന്‍സാരി, മുജീബുള്ള അന്‍സാരി, ഇംതിയാസ് ആലം, അഹമ്മദ് ഹുസൈന്‍, ഫിറോസ് അസ്ലം, ഇംതിയാസ് അന്‍സാരി, ഇഫ്തിക്കാര്‍ ആലം, അസ്ഹറുദ്ദീന്‍ ഖുറേഷി എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. നരേന്ദ്ര മോദിയുടെ “ഹുങ്കാര്‍” റാലിക്കിടെ പട്‌നയിലെ ഗാന്ധി മൈതാനത്തും പരിസരത്തുമായി ഏഴ് ബോംബുകള്‍ പൊട്ടിയായിരുന്നു സ്ഫോടനം നടന്നത്. 14 ബോംബുകളായിരുന്നു വിവിധ ഇടങ്ങളിലായിരുന്നു കുഴിച്ചിട്ടിരുന്നത്. പിന്നീട് ഇവ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
അന്ന് സ്ഫോടനത്തിനിടെ ആളുകള്‍ ഭയന്നോടിയപ്പോള്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് പേരാണ് മരിച്ചത്. 90 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ആദ്യ ബോംബ് പാട്ന റെയില്‍വേ സ്റ്റേഷന്റ് 10ാം നമ്പര്‍ പ്ലാറ്റ്ഫോമിലായിരുന്നു പൊട്ടിയത്. ബാക്കിയുള്ളവ ഗാന്ധി മൈതാനത്തും. ഈ സമയത്ത് മോദിയും ബിജെപി നേതാക്കളും സ്ഥലത്തുണ്ടായിരുന്നില്ല. സ്ഫോടനത്തിന് ശേഷവും മോദി റാലിയില്‍ പ്രസംഗിച്ചു.
2013 നവംബറിലാണ് എന്‍ഐഎ കേസ് എടുത്തത്. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹൈദരാലിയെ 2014ല്‍ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തു. സ്ഫോടനത്തില്‍ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി), ഇന്ത്യന്‍ മുജാഹിദ്ദീന്‍ (ഐഎം) എന്നീ സംഘടനയുടെ പ്രവര്‍ത്തകരെയാണ് എന്‍ഐഎ അറസ്റ്റ് ചെ്തത്. കേസുമായി ബന്ധപ്പെട്ട് 250 സാക്ഷികളെയാണ് പ്രൊസിക്യുഷന്‍ ഹാജരാക്കിയത്.