കൊല്ലം : ഇഎംസിസി ഡയറക്ടർ ഷിജു വർഗീസിനെതിരായ ബോംബാക്രമണ കേസിലെ അന്വേഷണം വിവാദ ഇടനിലക്കാരനിലേക്ക്. ഷിജു വർഗീസും ഈ ഇടനിലക്കാരനും സുഹൃത്തുക്കളാണെന്നാണ് വിവരം. ഗൂഢാലോചനയിൽ ഇടനിലക്കാരനും പങ്കെടുത്തിരുന്നോയെന്ന് അന്വേഷിക്കുന്നുണ്ട്. കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ചാണ് ഗൂഢാലോചന നടന്നത്. കേസിൽ അറസ്റ്റിലായ ക്വട്ടേഷൻ സംഘാംഗം ബിനുകുമാറിനെ ഇടനിലക്കാരന് പരിചയപ്പെടുത്തിക്കൊടുത്തത് സോളാർ കേസിലെ വിവാദ നായിക സരിത എസ് നായരാണെന്നും പോലീസിന് വ്യക്തമായിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മക്കെതിരെ കുണ്ടറ നിയോജക മണ്ഡലത്തിൽ ഷിജു വർഗീസ് മത്സരിച്ചിരുന്നു. ആഴക്കടൽ മത്സ്യബന്ധന വിവാദത്തിന് പിന്നാലെയായിരുന്നു തീരുമാനം. വോട്ടെടുപ്പ് നടന്ന ദിവസം പുലർച്ചെയാണ് ഷിജു വർഗീസിന്റെ കാറിന് നേരെ ആക്രമണം ഉണ്ടായത്. കേസിൽ പരാതിക്കാരനായ ഷിജു വര്‍ഗീസിനെ ഇന്ന് പോലീസ് ഗോവയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തു. ഷിജുവിന് കേസില്‍ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയായിരുന്നു. ക്വട്ടേഷൻ സംഘാംഗം ബിനുകുമാർ, ഷിജുകുമാറിന്റെ മാനേജര്‍ ശ്രീകാന്ത് എന്നിവരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കുണ്ടറ നിയമസഭ മണ്ഡലം പരിധിയില്‍ ഉള്‍പ്പെട്ട കണ്ണനല്ലൂര്‍ കുരീപ്പളളി റോഡില്‍ വച്ച് പോളിങ് ദിവസം പുലര്‍ച്ചെ തന്റെ കാറിന് നേരെ മറ്റൊരു കാറില്‍ വന്ന സംഘം പെട്രോള്‍ ബോംബ് എറിഞ്ഞുവെന്നായിരുന്നു ഷിജു വര്‍ഗീസിന്റെ പരാതി. എന്നാല്‍ ഷിജു വര്‍ഗീസ് പറഞ്ഞ സമയത്ത് ഈ തരത്തിലൊരു വാഹനം കടന്നു പോയതിന്റെ സൂചനകളൊന്നും പോലീസിന് കിട്ടിയിരുന്നില്ല. നാട്ടുകാരില്‍ നിന്ന് ശേഖരിച്ച പ്രാഥമിക വിവരങ്ങളിലും ഈ തരത്തിലൊരു ആക്രമണം നടന്നുവെന്ന തരത്തിലുളള മൊഴികള്‍ ലഭ്യമായിരുന്നില്ല.