കൊൽക്കത്ത: കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. അജ്ഞാത ഫോൺ കാളിനെ തുടർന്ന് ഉച്ചകഴിഞ്ഞ് വിമാനത്താവളത്തിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. കൊൽക്കത്ത – മുംബൈ ഇൻഡിഗോ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാതൻ വിമാനത്താവളത്തിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു. ഭീഷണിയെ തുടർന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. വിമാനത്തിൽ കയറിയ യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. യാത്രക്കാർ ചെക്ക് ഇൻ ചെയ്തതിനു ശേഷമാണ് കോൾ വന്നതെന്ന് ഒരു വിമാനത്താവള ഉദ്യോഗസ്ഥൻ പറഞ്ഞു.
ഉച്ചയ്ക്ക് 1.30 ന് യാത്ര തുടങ്ങി 4.20 ന് മുംബൈയിൽ ഇറങ്ങേണ്ടതായിരുന്നു വിമാനം. അടിയന്തര പ്രോട്ടോക്കോൾ പാലിച്ച് 195 യാത്രക്കാരോടും ഉടൻ തന്നെ ഒഴിപ്പിക്കുകയും വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. വിമാനത്തിൽ നിന്ന് ലഗേജുകൾ മാറ്റുകയും ബോംബ് സ്ക്വാഡ് ഉദ്യോഗസ്ഥർ വിമാനം മുഴുവൻ സ്കാൻ ചെയ്യുകയും ചെയ്തു. സിഐഎസ്എഫ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ ഉടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഈ മാസം ആദ്യം പാക് ഭീകര ഗ്രൂപ്പുകൾക്കെതിരെ ഇന്ത്യൻ സായുധ സേന ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിനുശേഷം രണ്ടാമത്തെ തവണയാണ് ഈ വിമാനത്താവളത്തിൽ ബോംബ് ഭീഷണിയുണ്ടാകുന്നത്.