മുംബൈ : ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി മാറ്റിവച്ചു. ഇന്നലെ ബിനോയിയുടെ അഭിഭാഷകനു ഹാജരാകാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണിത്. എന്നാല്‍, അഭിഭാഷകന്‍ ഹാജരാകാതിരുന്നത് വിവാഹത്തെ കുറിച്ചുള്ള വിഷയത്തില്‍ കൃത്യമായ മറുപടി തയാറാക്കുന്നത് നീണ്ടതുകൊണ്ടാണ് എന്നാണ് സൂചന.
കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍ വിവാഹിതരാണോ എന്ന ചോദ്യത്തിനു യുവതി അതെ എന്നും ബിനോയ് അല്ല എന്നുമാണു മറുപടി നല്‍കിയത്. കുട്ടിയുടെ ഭാവിയെക്കുറിച്ചു ചോദിച്ചപ്പോഴും കൃത്യമായ ഉത്തരം ലഭിച്ചില്ല. ഇന്നലെ കൃത്യമായ മറുപടി സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. 2019 ജൂണിലാണ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ മകനുണ്ടെന്നുമാണ് ആരോപണം. ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്യുമ്പോഴാണ് അവിടെ സ്ഥിരം സന്ദര്‍ശകനായിരുന്ന ബിനോയെ പരിചയപ്പെടുന്നത്. ജോലി ഉപേക്ഷിച്ചാല്‍ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തു. ബിനോയിയുടെ വീട്ടില്‍ പോകാറുണ്ടായിരുന്നു. 2009 നവംബറില്‍ ഗര്‍ഭിണിയായി. തുടര്‍ന്ന് മുംബൈയിലേക്ക് തിരിച്ചു. വിവാഹം ചെയ്യാമെന്ന് തന്റെ മാതാവിനോടും സഹോദരിയോടും ബിനോയ് ഉറപ്പു പറഞ്ഞു.
2010 ഫെബ്രുവരിയില്‍ അന്ധേരി വെസ്റ്റില്‍ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് തന്നെ അവിടേക്കു മാറ്റി. ഇതിനിടെ ദുബായില്‍നിന്ന് പതിവായി വന്നുപോയി. എല്ലാ മാസവും പണം അയയ്ക്കും. എന്നാല്‍ 2015ല്‍ ബിസിനസ് മോശമാണെന്നും ഇനി പണം നല്‍കുന്നത് പ്രയാസമാണെന്നും അറിയിച്ചു. അതിന് ശേഷം വിളിച്ചാല്‍ ഒഴിഞ്ഞുമാറാന്‍ തുടങ്ങി. 2018 ലാണ് ബിനോയ് വിവാഹിതനാണെന്നു തിരിച്ചറിഞ്ഞത്. ഇക്കാര്യം ചോദിച്ചപ്പോള്‍ ആദ്യം വ്യക്തമായ മറുപടിയില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങി. ഫോണ്‍ എടുക്കാതെയായെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.