മുംബൈ: ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് ഭർത്താവ് സംശയിക്കുന്നത് മാത്രം, കുട്ടിയുടെ പിതൃത്വം നിർണ്ണയിക്കാനായി ഡിഎൻഎ പരിശോധന നടത്താൻ മതിയായ കാരണമല്ലെന്ന് ബോംബെ ഹൈക്കോടതി. ഒരു പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാക്കാൻ നിർദേശിച്ച കുടുംബകോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ആർഎംജോഷിയുടെ നാഗ്പൂർ ബെഞ്ച് ഇത് പറഞ്ഞത്. അസാധാരണമായ കേസുകളിൽ മാത്രമേ ഇത്തരം ജനിതക പരിശോധനകൾക്ക് ഉത്തരവിടാൻ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി. അവിഹിത ബന്ധത്തിന്റെ പേരിൽ വിവാഹമോചനം നേടാൻ തനിക്ക് അവകാശമുണ്ടെന്ന് ഒരു പുരുഷൻ വാദിക്കുന്നത് മാത്രം ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിടാൻ പര്യാപ്തമായ കാരണമല്ല എന്നാണ് ജൂലൈ 1-ന് പുറപ്പെടുവിച്ച ഉത്തരവിൽ കോടതി വ്യക്തമാക്കുന്നത്. ഭാര്യക്കെതിരെ അവിഹിത ബന്ധം ആരോപിക്കുകയാണെങ്കിൽ കുട്ടിയെ പിതൃത്വ പരിശോധനയ്ക്ക് വിധേയനാക്കാതെ തന്നെ മറ്റ് തെളിവുകൾ ഉപയോഗിച്ച് അത് തെളിയിക്കാമെന്നും കോടതി നിരീക്ഷിച്ചു.
വേർപിരിഞ്ഞ ഭാര്യയും അവരുടെ 12 വയസ്സുള്ള മകനും സമർപ്പിച്ച ഹർജിയിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കുട്ടിയുടെ പിതൃത്വം നിർണ്ണയിക്കാൻ ഡിഎൻഎ പ്രൊഫൈലിംഗ് ടെസ്റ്റ് നടത്താൻ നിർദേശിച്ച 2020 ഫെബ്രുവരിയിലെ കുടുംബകോടതി ഉത്തരവ് കോടതി റദ്ദാക്കി. കുടുംബകോടതി അത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതിൽ തെറ്റ് പറ്റിയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുട്ടിയുടെ താൽപ്പര്യം പരിഗണിക്കാൻ കുടുംബകോടതിക്ക് “തികച്ചും ബാധ്യതയുണ്ടായിരുന്നു” എന്നും ഉത്തരവിൽ പറയുന്നു. ആരെയും പ്രത്യേകിച്ച് ഒരു മൈനർ കുട്ടിയെ രക്തപരിശോധനയ്ക്ക് നിർബന്ധിക്കാൻ കഴിയില്ല. ഒരു തീരുമാനം എടുക്കാനോ പരിശോധന നിരസിക്കാനോ പോലും കഴിവില്ലാത്ത ഒരു കുട്ടിയെ ഇത് എങ്ങനെ ബാധിക്കുമെന്ന് പരിഗണിക്കണം. സുപ്രീം കോടതിയുടെ ഒരു ഉത്തരവ് ഉദ്ധരിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കി. കുട്ടിയുടെ മാതാപിതാക്കൾ പരസ്പരം പോരടിക്കുമ്പോൾ, പലപ്പോഴും കുട്ടി ഈ പോരാട്ടത്തിലെ ഒരു ഉപകരണമായി മാറുന്നു. അത്തരം സാഹചര്യങ്ങളിൽ കോടതികൾ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ അവകാശങ്ങളുടെ സംരക്ഷകരാകണമെന്നും ഹൈക്കോടതി പറഞ്ഞു.
കക്ഷികൾ തമ്മിലുള്ള തർക്കങ്ങൾ തീരുമാനിക്കുന്നതിലുപരി കോടതിക്ക് വലിയ ഉത്തരവാദിത്തമുണ്ട്. ഒരു പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ രക്ത/ഡിഎൻഎ. പരിശോധനയ്ക്ക് വിധേയനാക്കാൻ ആവശ്യപ്പെടുന്നതിന് മുൻപ് കോടതി ഗുണദോഷങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ഭാര്യയ്ക്ക് അവിഹിത ബന്ധം ആരോപിച്ച് ഭർത്താവ് വിവാഹമോചനം തേടിയ കേസിലായിരുന്നു സുപ്രധാന വിധി. 2011-ൽ വിവാഹിതരായ ദമ്പതികൾ 2013 ജനുവരിയിൽ വേർപിരിയുമ്പോൾ യുവതി മൂന്ന് മാസം ഗർഭിണിയായിരുന്നു. തന്റെ ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് തെളിയിക്കാൻ കുട്ടിയുടെ ഡിഎൻഎ പരിശോധന വേണമെന്നായിരുന്നു ഭര്‍ത്താവായ യുവാവിന്രെ ആവശ്യം. എന്നാൽ, ഭർത്താവ് വിവാഹമോചന ഹർജിയിൽ ഭാര്യയുടെ “അവിഹിത” സ്വഭാവത്തെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിക്കുമ്പോഴഉം, താൻ കുട്ടിയുടെ പിതാവല്ലെന്ന് ഒരിക്കലും അവകാശപ്പെട്ടില്ല എന്നായിരുന്നു ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയത്.