തിരുവനന്തപുരം : സൈബർ ലോകത്തെ ചതിയുടെ ചങ്ങല പൊട്ടിക്കാനുള്ള വഴികൾ പ്രാവർത്തികമാക്കാനുള്ള കൈപുസ്തകവുമായി എത്തിയിരിക്കുകയാണ് ദമ്പതികളായ മൂളയം തങ്കശ്രീയിൽ ആദർശ് നായരും ഭാര്യ ഗ്രീഷ്മയും.
ലോക്ക്ഡൗൺ കാലത്തെ ചിന്തകളിൽ നിന്നാണ് പുസ്തകത്തിന്റെ ഉള്ളടക്കം രൂപപ്പെട്ടത്. “ദ ഇൻഫോടെമിക് : ഇൻഫോമാനിയ, സോഷ്യൽ എൻജിനിയറിങ് ആൻഡ് ദ പാന്റമിക് ബ്രേക് ദ ചെയിൻ’ എന്ന പേരിലാണ് കൃതി. ഇന്ത്യ ഉൾപ്പെടെ 15 രാജ്യത്ത് ഇത് പുറത്തിറക്കി കഴിഞ്ഞു.
കോവിഡ്പോലുള്ള മഹാമാരികളുടെ സമയത്ത് സൈബർ ക്രിമിനലുകൾ എങ്ങനെ ഇന്റർനെറ്റിനെ ഉപയോഗിക്കുന്നുവെന്നും ഒരു സാധാരണ പൗരന് അത്തരം സൈബർ ചതിക്കുഴികൾ എങ്ങനെ തിരിച്ചറിയാനും സ്വയം അവയിൽനിന്ന് രക്ഷനേടാനും കഴിയുമെന്ന കാര്യമാണ് പുസ്തകം പറയുന്നത്. ആമസോണാണ് പ്രസാധകർ.
സാധാരണ ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്ക് ചതിക്കുഴികളിൽ നിന്ന് രക്ഷനേടാൻ പുസ്‌തകം സഹായിക്കുമെന്ന് ആദർശ് പറയുന്നു. യുഎസ്ടി ഗ്ലോബലിൽ ഇൻഫർമേഷൻ സെക്യൂരിറ്റിമേഖലയിലെ ജീവനക്കാരനായ ഇദ്ദേഹം കേരള പോലീസ് സൈബർ ഡോമിൽ ഡെപ്യൂട്ടി കമാൻഡർ (ഓണററി) ആണ്. 2016 മുതൽ സൈബർ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പോലീസിനെ സഹായിക്കുന്നു. ഗ്രീഷ്മ സ്റ്റാർട്ടപ് കമ്പനി നടത്തുകയാണ്.