സിൽചർ : മിസോറാമിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി അസം സർക്കാർ. സംസ്ഥാനങ്ങളുടെ അതിർത്തിയിലുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് യാത്രാവിലക്ക്. നിലവിൽ മിസോറാമിൽ ജോലിക്കും മറ്റുമായി താമസിക്കുന്ന അസം സ്വദേശികളോട് അതീവ ജാഗ്രത പുലർത്തണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം അസം-മിസോറാം അതിർത്തിയിലുണ്ടായ സംഘർഷത്തിൽ അസമിലെ ആറു പോലീസുകാർ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ മിസോറാമിൽ യാത്ര ചെയ്യുന്നവർക്ക് സുരക്ഷാഭീഷണി ഉണ്ടായേക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് യാത്രാവിലക്ക് അസം സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ അതിർത്തിയിൽ അസം പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
മിസോറാമിൽ നിന്ന് വരുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കണമെന്നും അസം ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. മയക്കുമരുന്ന് കടത്ത് ചൂണ്ടിക്കാട്ടിയാണ് നിർദേശം. അതിർത്തി കടന്ന് എത്തുന്ന വാഹനങ്ങൾ സബ് ഇൻസ്പെക്ടർ റാങ്കിൽ താഴെ അല്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ പരിശോധനയ്ക്ക് ശേഷമായിരിക്കും കടത്തി വിടുക.
എന്നാൽ ഈ സാഹചര്യത്തിൽ അതിർത്തിയിൽ അസം പോലീസിനെ വിന്യസിച്ചത് ശരിയായ നടപടിയല്ലെന്ന് മിസോറാം ആഭ്യന്തര സെക്രട്ടറി ലാൽബിയാക്സംഗി വടക്കുകിഴക്കൻ മേഖലയുടെ ചുമതലയുളള കേന്ദ്ര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് എഴുതിയ കത്തിൽ പറയുന്നു. ഇത്തരത്തിൽ പോലീസിനെ വിന്യസിച്ചത് ഇരുകൂട്ടർക്കുമിടയിൽ ഭയത്തിനും പരിഭ്രാന്തിക്കും കാരണമാകുമെന്നും ആഭ്യന്തര സെക്രട്ടറി കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരു സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരും ഡി.ജി.പിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചു ഇരു കൂട്ടരും സൗഹൃദപരമായി മുന്നോട്ട് പോകണമെന്നാണ് ചർച്ചയിൽ തീരുമാനമായത്.