ദില്ലി : രാജ്യത്തിന്റെ അതിര്‍ത്തികളിലെ സുരക്ഷ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗം വിളിച്ചുചേര്‍ത്തതായി റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി, രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തതായാണ് വിവരം. യോഗം ചേര്‍ന്നത് നാഗ്രോട്ടാ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ്. കശ്മീരില്‍ ജില്ലാ വികസന സമിതിയിലേക്ക് എട്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
ഭീകരര്‍ ഇത് അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുമെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ യോഗത്തില്‍ ചര്‍ച്ചയായത് കശ്മീരിലെ മാത്രം വിഷയമല്ല. ഭീകരര്‍ മുംബൈ ആക്രമണത്തിന്റെ വാര്‍ഷികത്തില്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.