തിരുവല്ല : എംസി റോഡിലെ കുറ്റൂർ തോണ്ടറ പാലത്തിൻ്റെ ഇരുവശങ്ങളും അപകടമേഖലയായി മാറുന്നു. എംസി റോഡിലൂടെ ഓടി വന്ന വാഹനം തോണ്ടറ പാലത്തിലേക്ക് കയറുന്നതിന് മുൻപായി മുന്നിൽ പോയ വാഹനം പെട്ടെന്ന് നിർത്തിയപ്പോൾ പിറകിൽ വന്ന കാർ ഇടിച്ചതാണ് അവസാന സംഭവം. കഴിഞ്ഞ ദിവസം അമിതവേഗതയിൽ എത്തിയ ആബുലൻസ് റോഡിൽ നിന്ന് പാലത്തിലേക്ക് കയറവേ രോഗികളും കൂടെയുള്ള ആൾക്കാരുടേയും തല വാഹനത്തിൻ്റെ ടോപ്പിൽ ഇടിച്ചതായി പറയുന്നു. രാജ്യന്താര നിലവാരത്തിൽ പുനർ നിർമ്മാണം നടത്തിയ തോണ്ടറ പാലത്തിലേക്ക് കയറുന്ന ഭാഗം അപകട ഭീഷണിയാകുന്നു. റോഡിലെ അപ്രോച്ച് റോഡ് താഴ്ന്നതാണ് അപകട ഭീഷണിക്ക് കാരണമായത്.
പാലത്തിലേക്ക് കയറുന്ന ഭാഗവും അപ്രോച്ച് റോഡും തമ്മിൽ ഒരടിയോളം വിത്യാസം വന്നതിനാൽ ഇറക്കത്തിൽ താഴ്ച കൂടുതൽ രൂപപ്പെട്ടു. തിരുവല്ലയിൽ നിന്ന് ചെങ്ങന്നൂർ ഭാഗത്തേക്ക് പോകുമ്പോഴും തിരിച്ചും സമാന രീതിയിലാണ് താഴ്ന്നിരിക്കുന്നത്. വേഗതയിൽ വരുന്ന വാഹനങ്ങൾ അടുത്ത് എത്തുമ്പോഴാണ് പാലവും അപ്രോച്ച് റോഡും തമ്മിലുള്ള താഴ്ച്ച അറിയാൻ സാധിക്കുന്നത്. ഓടി വരുന്ന വാഹനം അടുത്ത് എത്തുമ്പോഴെ കാണാൻ സാധിക്കൂ. ഇത് വലിയ അപകടങ്ങൾക്ക് കാരണമാകുന്നു. പെട്ടെന്ന് ബ്രേക്ക് ഇട്ടാൽ പിന്നിൽ വരുന്ന വാഹനം അപകടത്തിൽപ്പെടാൻ സാധ്യത ആയതിനാൽ പലരും ബ്രേക്ക് ചെയ്യാറില്ല. ഏതെങ്കിലും ദിശയിലേക്ക് വെട്ടിച്ചാൽ അത് വലിയ ദുരന്തമാകും. അതേ സമയം ഈ തകരാറ് കണ്ട് കെഎസ്ടിപി അധിക്യതർ എത്തി പല പ്രാവശ്യം താൽക്കാലിക പരിഹാരം കണ്ടെങ്കിലും ഫലപ്രദമായില്ല .