കൊൽക്കത്ത: കൊൽക്കത്തയിലെ സോനാർപൂരിൽ പ്രണയാഭ്യർത്ഥന അവഗണിച്ചതിന്റെ പേരിൽ 13 വയസുള്ള ആൺകുട്ടി 11 വയസുള്ള പെൺകുട്ടിയെ കുത്തിക്കൊന്നു. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആൺകുട്ടിയെയും 22 കാരനായ യുവാവിനെയും അറസ്റ്റ് ചെയ്തതായി സോനാർപൂർ പോലീസ് സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ജനുവരി 7 ന് സ്‌കൂളിലേക്കുള്ള യാത്രാമധ്യേയാണ് പെൺകുട്ടി ആക്രമിക്കപ്പെട്ടത്. നിരവധി തവണ കത്തി ഉപയോഗിച്ച് കുത്തി മുഖം വികൃതമാക്കിയെന്ന് പോലീസ് പറഞ്ഞു. “അവൾ സൈക്കിളിൽ സ്കൂളിൽ നിന്ന് വരികയായിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ പെൺകുട്ടി റോഡിൽ കിടക്കുന്നതായി ഞങ്ങൾ കണ്ടു. അപകടം സംഭവിച്ചതാകുമെന്നാണ് ആദ്യം കരുതിയത്. സംഭവസ്ഥലത്തെത്തിയപ്പോൾ കുത്തേറ്റ് മുഖം വികൃതമാക്കിയ അവസ്ഥയിലാണ് കണ്ടത്.” പെൺകുട്ടിയുടെ ബന്ധുക്കളിലൊരാൾ പറഞ്ഞു.
സംഭവം പുറത്തറിഞ്ഞയുടനെ ഒരു കൂട്ടം ആളുകൾ പ്രതിയുടെ വീട് കൊള്ളയടിക്കുകയും പോലീസ് നിഷ്‌ക്രിയത്വത്തിൽ പ്രതിഷേധിച്ച് റോഡ് തടയുകയും ചെയ്തു. പ്രതിയായ ആൺകുട്ടി ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണെന്നും മരണപ്പെട്ട പെൺകുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന അതേ പ്രദേശത്താണ് താമസിക്കുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു. ആൺകുട്ടി കുറച്ചുകാലമായി പെൺകുട്ടിയെ പിന്തുടരുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയിൽ ആരോപിച്ചു. മുഖത്ത് ഗുരുതരമായി പരിക്കേറ്റതിനാൽ പെൺകുട്ടിയുടെ മൊഴിയെടുക്കാൻ സാധിച്ചില്ലെന്നും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.