മൂന്നാര്‍: യുവതിയെ വാടക വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടെയുണ്ടായിരുന്ന ആണ്‍ സുഹൃത്തിനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. വാളറ സ്വദേശി പുത്തന്‍പുരയ്ക്കല്‍ രാജീവിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്തു. അടിമാലി പൊളിഞ്ഞപാലം സ്വദേശിനി ആറുകണ്ടത്തില്‍ ശ്രീദേവിയാണ് മരിച്ചത്. അടിമാലി പൊളിഞ്ഞപാലം പ്രിയദര്‍ശിനി കോളനിയിലെ വീട്ടിലാണ് ശ്രീദേവിയെന്ന യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ മൂന്നുമണിയോടെയാണ് ശ്രീദേവി തൂങ്ങിമരിച്ച വിവരം അയല്‍വാസികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ അറിയുന്നത്. ഇതോടെ വീട്ടുടമസ്ഥനെ അടക്കം വിവരമറിയിച്ചു. എന്നാല്‍ പോലീസ് സംഘം വിവരമറിഞ്ഞ് സ്ഥലത്ത് എത്തുന്നതിന് മുന്‍പേ യുവതിയുടെ ഒപ്പം താമസിച്ചിരുന്ന ആണ്‍ സുഹൃത്ത് യുവതിയെ താഴെയിറക്കിയിരുന്നു. ഇതോടെയാണ് അയല്‍വാസികള്‍ പോലീസിനെ സംശയം അറിയിച്ചത്. തുടര്‍ന്ന് അടിമാലി പോലീസും ഇടുക്കി ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. തെളിവുകള്‍ ശേഖരിച്ചു. തുടര്‍ന്നാണ് കൂടെ താമസിച്ചിരുന്ന വാളറ പുത്തന്‍പുരയ്ക്കല്‍ രാജീവിനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്.