തിരുവനന്തപുരം: ബിപിഎല്‍ വിഭാഗക്കാര്‍ക്കുള്ള സൗജന്യ വാട്ടര്‍ കണക്ഷന് അപേക്ഷയ്‌ക്കൊപ്പം ആധാറിന്‍റെ പകര്‍പ്പ് വാട്ടര്‍ അതോറിറ്റി നിര്‍ബന്ധമാക്കി. പ്രവര്‍ത്തനക്ഷമമായ മീറ്ററുകള്‍ ഉള്ള ബിപിഎല്‍ ഉപയോക്താക്കള്‍ക്കു മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ. ആനുകൂല്യത്തിനായി പുതുതായി ലഭിക്കുന്ന അപേക്ഷകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചേ സ്വീകരിക്കാവൂവെന്നും അതോറിറ്റിയുടെ സര്‍ക്കുലറില്‍ പറയുന്നു.
വാട്ടര്‍ അതോറിറ്റിയില്‍ നിലവില്‍ 15,000 ലീറ്ററില്‍ താഴെ പ്രതിമാസ ഉപഭോഗം ഉള്ള ബിപിഎല്‍ വിഭാഗത്തില്‍പെട്ട 2.05 ലക്ഷം ഉപയോക്താക്കള്‍ക്കു സൗജന്യമായാണ് ശുദ്ധജലം നല്‍കി വരുന്നത്. ആനുകൂല്യം ലഭിക്കുന്നതിന് എല്ലാ വര്‍ഷവും ജനുവരി 30നു മുന്‍പ് ഉപയോക്താക്കള്‍ അപേക്ഷകള്‍ പുതുക്കി നല്‍കണം. എന്നാല്‍, കോവിഡ് പശ്ചാത്തലത്തില്‍ ഇത്തരം ഉപയോക്താക്കളെ ഓഫിസുകളിലേക്കു വരുത്തുന്നതു ബുദ്ധിമുട്ടുണ്ടാക്കി. തുടര്‍ന്നാണ് 20201ലെ ബിപിഎല്‍ ആനുകൂല്യത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതു സംബന്ധിച്ച് വാട്ടര്‍ അതോറിറ്റി സര്‍ക്കുലര്‍ പുറത്തിറക്കിയത്.