ന്യൂഡല്‍ഹി: ബ്രഹ്‌മപുരത്ത് നിറയുന്നത് അനാസ്ഥയും അഴിമതിയും തന്നെ. എന്നുപറഞ്ഞാല്‍ സിപിഎം ബന്ധുവിന്റെ കമ്പനിയായ സോന്‍ട് ഇന്‍ഫ്രാടെക്കിന് വേണ്ടി അനധികൃത ഇടപെടലുകള്‍ നടന്നുവെന്ന് വ്യക്തമാണ്. അതിനിടെ ബ്രഹ്‌മപുരത്തെ മാലിന്യസംസ്‌കരണ രീതികള്‍ ശാസ്ത്രീയമല്ലെന്നും അനുമതിയില്ലാതെയാണു പ്രവര്‍ത്തിച്ചതെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഇടക്കാല റിപ്പോര്‍ട്ട് പുറത്തു വന്നു. വെള്ളിയാഴ്ചയാണു ബോര്‍ഡിന്റെ വിദഗ്ധസംഘം ബ്രഹ്‌മപുരം സന്ദര്‍ശിച്ചത്. അശാസ്ത്രീയതയാണ് എള്‌ലാ പ്രശ്‌നത്തിനും കാരണം.
കൊച്ചി കോര്‍പറേഷന്‍ ബ്രഹ്‌മപുരത്തു ഖരമാലിന്യ സംസ്‌കരണം സംബന്ധിച്ച ചട്ടങ്ങള്‍ പാലിച്ചില്ല എന്ന ഗുരുതര ആരോപണമാണ് റിപ്പോര്‍ട്ടിലുള്ളത്. 2016ലെ ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങള്‍ പാലിക്കാത്തതിനാല്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പല തവണയും അപേക്ഷയ്ക്ക് അംഗീകാരം നല്‍കിയിരുന്നില്ല. അതായത് അനുമതിയില്ലാതെയാണ് ഈ സംവിധാനം പ്രവര്‍ത്തിച്ചിരുന്നത്. ഇതിന്റെ ബാക്കി പത്രമാണ് തീപിടിത്തം. എല്ലാ ചവറു കൂനയ്ക്കും തീപിടിച്ചത് ഏതാണ്ട് ഒരേ സമയത്താണ്. അതുകൊണ്ട് തന്നെ തീ മനപ്പൂര്‍വ്വം ഇട്ടതാണെന്നതും വ്യക്തം. എന്നാല്‍ ഇതില്‍ അന്വേഷണം ആരും നടത്തുന്നില്ല.
കംപോസ്റ്റ് സംവിധാനമുണ്ടെന്നു അവകാശപ്പെടുന്നുണ്ടെങ്കിലും വേര്‍തിരിക്കാത്ത മാലിന്യം തുറസ്സായ സ്ഥലത്തു കൂട്ടിയിട്ടിരിക്കുകയാണെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യമായ സംസ്‌കരണ മാര്‍ഗങ്ങള്‍ ഇല്ല. മെച്ചപ്പെട്ട ഡ്രെയ്‌നേജ്, റോഡ് അടക്കം ഒരു അടിസ്ഥാന സൗകര്യവും ഇല്ല. ഒരു കെട്ടിടം ഏതു സമയത്തും തകര്‍ന്നുവീഴാവുന്ന സ്ഥിതിയിലാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ചു ഡംപിങ് സ്ഥലം പൂര്‍വസ്ഥിതിയിലാക്കുമെന്നായിരുന്നു 2021 സെപ്റ്റംബറില്‍ സോന്‍ട ഇന്‍ഫ്രാടെക് കമ്ബനിയുമായുള്ള 55 കോടി രൂപയുടെ ബയോമൈനിങ് കരാര്‍. എന്നാല്‍ ഇത്തരത്തില്‍ പൂര്‍വസ്ഥിതിയിലാക്കിയ ഒരു സ്ഥലവും പരിശോധനയില്‍ കണ്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യക്തമായ അഴിമതിക്ക് തെളിവാണ് ഈ റിപ്പോര്‍ട്ട്.
അതിനിടെ വേസ്റ്റ് ടു എനര്‍ജി പദ്ധതിക്കായി സോന്‍ട ഇന്‍ഫ്രാടെക്കിനു വേണ്ടി ഭൂമി നിര്‍ബന്ധപൂര്‍വം പിടിച്ചെടുക്കുകയായിരുന്നെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ പറയുന്നു. മാലിന്യ പ്ലാന്റ് പോലെയുള്ള പ്രവൃത്തികള്‍ക്കു തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ഇല്ലെങ്കിലും സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാമെന്ന അധികാരം ഉപയോഗിച്ചായിരുന്നു ഇത്. 2019ല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എത്തിയപ്പോഴാണ് കരാര്‍ ഒപ്പിടാന്‍ പോവുകയാണെന്ന് തദ്ദേശ സ്ഥാപന പ്രതിനിധികള്‍ അറിയുന്നത്. വായിച്ചു നോക്കാതെ ഒപ്പിടാന്‍ കഴിയില്ലെന്ന് ചിലര്‍ എതിര്‍ത്തു. പണയപ്പെടുത്തിയശേഷം കമ്ബനി പ്ലാന്റ് സ്ഥാപിക്കാതെ പോയാല്‍ ഭൂമി നഷ്ടപ്പെടുമെന്ന ആശങ്ക ചൂണ്ടിക്കാട്ടി പല തദ്ദേശ സ്ഥാപനങ്ങളും പിന്നീടു പിന്മാറാന്‍ ശ്രമിച്ചു.
എതിര്‍പ്പു മറികടക്കാന്‍ സര്‍ക്കാര്‍ ഇടപെട്ട് കെഎസ്‌ഐഡിസിക്ക് ഭൂമി കൈമാറുകയായിരുന്നു. പണമില്ലാതെ പിന്മാറാന്‍ ശ്രമിച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ശുചിത്വമിഷനില്‍ നിന്നു പണം അനുവദിക്കാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു. അങ്ങനെ സിപിഎം നേതാവിന്റെ കമ്ബനിക്ക് കാര്യങ്ങള്‍ അനുകൂലമാക്കി. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കല്‍ ലക്ഷ്യത്തിലേക്കെന്ന് അധികൃതര്‍ അവകാശപ്പെടുമ്ബോഴും തീരാപ്പുകക്ക് പരിഹാരം തേടി വിദേശ വിദഗ്ധരുമായി ചര്‍ച്ചയും നടന്നു. ആളിപ്പടരുന്നില്ലെങ്കിലും നീറിനില്‍ക്കുന്ന തീ എളുപ്പം അണയ്ക്കാന്‍ കഴിയാത്തതിനാലാണ് അമേരിക്കയിലെ ന്യൂയോര്‍ക് സിറ്റി അഗ്‌നിരക്ഷാ വിഭാഗത്തിലെ ഡെപ്യൂട്ടി ചീഫ് ജോര്‍ജ് ഹീലിയുമായി ജില്ല അധികൃതര്‍ ഓണ്‍ലൈന്‍ ചര്‍ച്ച നടത്തിയത്.
ബ്രഹ്‌മപുരത്തെ പ്ലാസ്റ്റിക് മാലിന്യക്കൂനയിലെ തീ അണയ്ക്കുന്നതിന് നിലവിലെ രീതിയാണ് ഉചിതമെന്നും തീ അണച്ച മേഖലകളില്‍ അതീവ ജാഗ്രത വേണമെന്നും ജോര്‍ജ് ഹീലി നിര്‍ദ്ദേശിച്ചു. പ്ലാന്റ് പ്രദേശത്തെ ഏഴ് സെക്ടറുകളായി തിരിച്ചതില്‍ അഞ്ചിലും തീ അണച്ചു. 1, 7 സെക്ടറുകളാണ് ഇനി അവശേഷിക്കുന്നത്. തീ അണച്ച കൂനകളില്‍ ചെറിയ രീതിയില്‍ പോലും പുക ഉയരുന്നുണ്ടെങ്കില്‍ കണ്ടെത്താന്‍ പട്രോളിങ് സംഘവും രംഗത്തുണ്ട്. കൂടാതെ മാലിന്യക്കൂനയിലെ കനലുകള്‍ കണ്ടെത്തുന്നതിന് തെര്‍മല്‍ (ഇന്‍ഫ്രാറെഡ്) കാമറ ഘടിപ്പിച്ച ഡ്രോണുകളും ഉപയോഗിക്കുന്നുണ്ട്. ഫയര്‍ ടെന്‍ഡറുകള്‍ ചളിയില്‍ താഴുന്നത് ഒഴിവാക്കാന്‍ മെറ്റലും നിരത്തി.
ഞായറാഴ്ച രാവിലത്തെ കണക്ക് പ്രകാരം ലോകത്തെ ഏറ്റവും മോശമായ വായുനിലവാരമുള്ള നഗരങ്ങളില്‍ 94ാം സ്ഥാനത്താണ് കൊച്ചി. തീപിടിത്തമുണ്ടായ ശേഷം ഏറ്റവും മോശം ശരാശരി വായു ഗുണനിലവാരം ഉണ്ടായത് കഴിഞ്ഞ ചൊവ്വാഴ്ചയാണ്. മാര്‍ച്ച് ഏഴിന് 294 ആയിരുന്നു എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്. മാര്‍ച്ച് അഞ്ചിന് ശരാശരി വായുഗുണനിലവാരം 282 വരെ രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച ശരാശരി വായുനിലവാരം 257 ആയി. പുകയുടെ അളവില്‍ കുറവു വന്നത് അന്തരീക്ഷത്തിലും പ്രതിഫലിക്കുന്നുണ്ട്. വായുനിലവാരം മെച്ചപ്പെട്ടതായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. മുന്‍കരുതലിന്റെ ഭാഗമായി മേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ചവരെ അവധി പ്രഖ്യാപിച്ചു.