ചെന്നൈ : സ്വന്തം സമുദായത്തില്‍ നിന്നും അനുയോജ്യരായ വധുവിനെ കണ്ടെത്താനാവാത്തതിനാല്‍ പുരനിറഞ്ഞ് നില്‍ക്കുകയാണ് തമിഴ് ബ്രാഹ്മണ യുവാക്കള്‍. മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ വിവാഹിതരാവാത്ത ഉദ്ദേശം നാല്‍പ്പതിനായിരത്തോളം യുവാക്കള്‍ സമാനമായ പ്രതിസന്ധിഘട്ടത്തിലാണെന്ന് തമിഴ്നാട് ബ്രാഹ്മണ അസോസിയേഷന്‍ വ്യക്തമാക്കുന്നു. തങ്ങളുടെ സമുദായത്തില്‍ പെണ്‍കുട്ടികളുടെ എണ്ണം ആണ്‍കുട്ടികളുടെ എണ്ണത്തേക്കാള്‍ കുറവായതാണ് പ്രശ്നങ്ങളുണ്ടാക്കുന്നതെന്നാണ് അവരുടെ പക്ഷം. ഒടുവില്‍ ഈ പ്രതിസന്ധി തീര്‍ക്കുന്നതിനായി അസോസിയേഷന്‍ ഒരു പ്രത്യേക പദ്ധതി ആരംഭിച്ചിരിക്കുകയാണ്.
ഇന്ത്യയുടെ ഉത്തരേന്ത്യന്‍ നഗരങ്ങളായ ഡല്‍ഹി, ലക്നൗ, പട്ന എന്നിവിടങ്ങളില്‍ കോര്‍ഡിനേറ്റര്‍മാരെ നിയമിക്കാനാണ് അസോസിയേഷന്റെ തീരുമാനം. ഹിന്ദിയില്‍ വായിക്കാനും എഴുതാനും സംസാരിക്കാനും അറിയാവുന്ന ആളെയാവും കോഓര്‍ഡിനേഷന്‍ റോള്‍ നിര്‍വഹിക്കുന്നതിന് നിയമിക്കുന്നത്. ഇവിടെ നിന്നും അനുയോജ്യരായ പെണ്‍കുട്ടികളെ കണ്ടെത്തും. ഉത്തരേന്ത്യന്‍ ബ്രാഹ്മണരും തമിഴ് ബ്രാഹ്മണരും തമ്മില്‍ അറേഞ്ച്ഡ് മാര്യേജുകള്‍ ഇപ്പോള്‍ വര്‍ദ്ധിക്കുകയാണ്.
നിരവധി ബ്രാഹ്മണര്‍ ഈ നീക്കത്തെ സ്വാഗതം ചെയ്തപ്പോള്‍, ചിലര്‍ എതിര്‍പ്പുമായി രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. പെണ്‍കുട്ടികള്‍ ഇല്ലാത്തത് കൊണ്ട് മാത്രമല്ല പുരുഷന്‍മാരുടെ പ്രായം കടന്ന് പോകുന്നത്. വിവാഹങ്ങളില്‍ ആഡംബരവും, ധനവും മാതാപിതാക്കള്‍ ആഗ്രഹിക്കുന്നത് കൊണ്ടാണെന്ന് വിമര്‍ശകര്‍ പറയുന്നു. ലളിതമായ രീതിയില്‍ വിവാഹം നടത്താന്‍ ആര്‍ക്കും താത്പര്യമില്ല. വിവാഹം നടത്താനുള്ള മുഴുവന്‍ ചെലവും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വഹിക്കണമെന്നും ഇത് തമിഴ് ബ്രാഹ്മണ സമൂഹത്തിന്റെ ശാപമാണെന്നും ആഢംബരത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു.
രണ്ട് മൂന്ന് ദിവസത്തേക്ക് നീളുന്ന വിവാഹ ആചാരങ്ങളാണ് ഇവര്‍ക്കുള്ളത്. അതില്‍ റിസപ്ഷനും വിവാഹത്തിന് മുമ്പും ശേഷവുമുള്ള മറ്റ് ചടങ്ങുകള്‍ ഉള്‍പ്പെടുന്നു. ഈ ദിവസങ്ങളില്‍ മാത്രം ചിലവ് 12-15 ലക്ഷം വേണ്ടി വരും. ഇത് വധുവിന്റെ കുടുംബത്തിന് വലിയ സാമ്പത്തിക ബാദ്ധ്യതയാണ് തീര്‍ക്കുന്നത്.