കൊച്ചി : മുക്കിനു മുക്കിനു ബ്രാഞ്ചുകള്‍, ജനങ്ങളുടെ കയ്യിലുള്ള പണവും പണ്ടവുമൊക്കെ സ്വകാര്യ മുതലാളിമാര്‍ പെട്ടിയിലാക്കി. ആസ്തികള്‍ പെരുപ്പിച്ചു കാണിച്ച് കോടികളുടെ കടപ്പത്രം തുടരെത്തുടരെ ഇറക്കി. സൂപ്പര്‍ സ്റ്റാറുകളെ ബ്രാന്‍ഡ് അംബാസിഡര്‍മാരാക്കി കോടികള്‍ ചെലവഴിച്ച് പരസ്യം നല്‍കി. കമ്പിനി ചെയര്‍മാന് മാറിമാറി ഉപയോഗിക്കാന്‍ ആഡംബര കാറുകള്‍ വാങ്ങിക്കൂട്ടി. ലക്ഷങ്ങളും കോടികളും നല്‍കി അവാര്‍ഡുകളും പ്രശസ്തിപത്രങ്ങളും പദവികളും നേടിയെടുത്തു. പണവും പദവിയും കൂടിയപ്പോള്‍ വിദ്യാഭ്യാസയോഗ്യത പോരാതെ വന്നു. ചിലര്‍ അഭിഭാഷകരായി, മറ്റുചിലര്‍ ഡോക്ടറേറ്റ് എടുത്തു. മലയാളിയുടെ കണ്ണുകെട്ടാന്‍ സാമ്രാജോ മുതുകാടോ വേണ്ടെന്നു തെളിയിച്ചവരാണ് ഇക്കൂട്ടര്‍. അങ്ങനെ ജനം പെട്ടിയില്‍ അടുക്കിവെച്ചതും ഷെഡ്യൂള്‍ഡ് ബാങ്കില്‍ സുരക്ഷിതമായി നിക്ഷേപിച്ചതുമൊക്കെ NCD വഴി ഇവരുടെ കമ്പിനിയിലേക്ക് ഒഴുകിയെത്തി.
ക്യാന്‍വാസ് ചെയ്യുന്ന നിക്ഷേപത്തിന് നാലും അഞ്ചും ശതമാനം കമ്മീഷന്‍ ജീവനക്കാര്‍ക്ക് നല്‍കി അവരെ കമ്പിനിയുടെ അടിമകളാക്കി. ഇവര്‍ രാവിലെയും വൈകിട്ടും വീടുകളില്‍ കയറിയിറങ്ങിയും തുടരെ ഫോണ്‍ വിളിച്ചും പത്തുകാശ് കയ്യിലുള്ളവരെ ബ്രയിന്‍ വാഷ് ചെയ്ത് നിക്ഷേപങ്ങള്‍ സമാഹരിച്ചു. ഇന്നിപ്പോള്‍ കാലാവധി തികഞ്ഞ നിക്ഷേപങ്ങള്‍പോലും മടക്കി നല്‍കാന്‍ അവധി പറഞ്ഞു മടുക്കുകയാണ് ജീവനക്കാര്‍. ഇതിനിടയിലാണ് ശ്വാസം നിലച്ചുപോകുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. കേരളത്തിലെ പ്രമുഖ സ്വകാര്യ പണമിടപാട് സ്ഥാപനം അടച്ചുപൂട്ടാന്‍ പോകുന്നു എന്നത്. കമ്പിനിയുടെ ചെയര്‍മാന്‍ പറഞ്ഞ വാക്കുകള്‍ പത്തനംതിട്ട മീഡിയാ ആണ് വാര്‍ത്തയാക്കിയത്. കേരളത്തിലെ മുഴുവന്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും തട്ടിപ്പുകാരാണെന്ന് പറയുന്നില്ല. എന്നാല്‍ ബഹുഭൂരിപക്ഷവും ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തില്‍ എന്ത് തീരുമാനമാണ് കമ്പിനി ഉടമകള്‍ സ്വീകരിക്കുക എന്നത് കാത്തിരുന്നു കാണേണ്ടിവരും.
കമ്പിനി പൂട്ടിക്കെട്ടിയാല്‍ ജീവനക്കാരുടെ ജോലി പോകുന്നതല്ല ഇവരുടെ പ്രശ്നം. പ്രതിമാസം 12000 രൂപ എന്നത് ഒരു വലിയ ശമ്പളവുമല്ല. ജോലി ലഭിക്കാന്‍ ഇവരൊക്കെ കമ്പിനിയില്‍ പണം നിക്ഷേപിച്ചിരുന്നു. കൂടാതെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണം നിര്‍ബന്ധപൂര്‍വ്വം ഇവിടെ നിക്ഷേപിപ്പിച്ചു. കമ്പിനി പൂട്ടിക്കെട്ടിയാല്‍ നാട്ടില്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാകും. ഇതൊക്കെ മുന്‍കൂട്ടി കണ്ടുകൊണ്ട് പലരും നിക്ഷേപം പിന്‍വലിച്ചു തുടങ്ങി. ജീവനക്കാര്‍ തങ്ങളുടെ ബന്ധുക്കളെയും സുഹൃത്തുക്കളേയുമൊക്കെ രഹസ്യമായി വിവരം അറിയിച്ച് നിക്ഷേപങ്ങള്‍ പിന്‍വലിക്കുകയാണ്. ഇതില്‍ പെട്ടുപോകുന്നത് സാധാരണ ജനങ്ങളാണ്. അവര്‍ ജീവനക്കാര്‍ പറയുന്ന അവധിയുംകേട്ട് ഓരോ ദിവസവും തള്ളിനീക്കുകയാണ്.
ലാബെല്ലാ ഫൈനാന്‍സിയേഴ്സ്, സതേണ്‍ ഫൈനാന്‍സിയേഴ്സ്, ഇന്റഗ്രേറ്റഡ് ഫൈനാന്‍സിയേഴ്സ്, ലിസ്, കേരള ഹൌസിംഗ് ഫിനാന്‍സ് ലിമിറ്റഡ് (KHFL), സേഫ് ആന്റ് സ്ട്രോങ്ങ് നിധി, അര്‍ബന്‍ നിധി ലിമിറ്റഡ്, പി.ആര്‍.ഡി മിനി നിധി ലിമിറ്റഡ്, പോപ്പുലര്‍ ഫിനാന്‍സ്, മേരിറാണി പോപ്പുലര്‍ നിധി, ഹൈറിച്ച് കമ്പിനിയുടെ തട്ടിപ്പുകള്‍, കേച്ചേരി ചിട്ടി ഫണ്ട്, എച്ച്.ഡി.ബി നിധി ലിമിറ്റഡ്, അര്‍ബന്‍ നിധി, ജെന്‍ ടൂ ജെന്‍, ടോട്ടല്‍ ഫോര്‍ യു, ജിബിജി നിധി, ക്രിസ്റ്റല്‍ ഫിനാന്‍സ്, തറയിൽ ഫിനാൻസ്, നെടുമ്പറമ്പില്‍ ക്രഡിറ്റ് സിണ്ടിക്കേറ്റ്, ലൈഫ് ലൈന്‍ ബാങ്കേഴ്‌സ് ഓഫ് മലബാര്‍, കൊഡിഷ് നിധി ലിമിറ്റഡ്, പ്രിൻസസ് ഗോൾഡ് ആൻറ് ഡയമണ്ട്, പൊൻപണം ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, കുന്നത്തുകളത്തിൽ ചിട്ടി ഫണ്ട്, ആപ്പിള്‍ ട്രീ ചിറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ചമ്പക്കാട് തോംസണ്‍ ചിട്ടി ആന്‍ഡ് ഫൈനാന്‍സിയേഴ്‌സ്, നിര്‍മ്മല്‍ ചിട്ടി ഫണ്ട്, ആട് – തേക്ക് – മാഞ്ചിയം, അനന്തമായി നീളുന്ന പട്ടികകള്‍ …….ഇതൊക്കെ വല്ലപ്പോഴുമെങ്കിലും കേരളത്തിലെ നിക്ഷേപകര്‍ ഓര്‍ക്കുക. സാമ്പത്തിക തട്ടിപ്പുകളുടെ കൂടുതല്‍ വാര്‍ത്തകള്‍ക്ക് >> https://pathanamthittamedia.com/category/financial-scams/
— >>> തുടരും