സാവോപോളോ : സമയബന്ധിതമായ സഹായത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യന്‍ ജനതയ്ക്കും നന്ദി പറഞ്ഞ് ബ്രസീല്‍. ഹൈഡ്രോക്സി ക്ളോറോക്വിൻ എന്ന മരുന്ന് ഉണ്ടാക്കുന്നതിന് ആവശ്യമായ സാധനങ്ങള്‍ കയറ്റുമതി ചെയ്യാമെന്ന ഉറപ്പ് ഇന്ത്യയില്‍ നിന്ന് ലഭിച്ചെന്നാണ് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സാനരോ രാജ്യത്തെ അറിയിച്ചത്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച വരെ ഹൈഡ്രോക്സി ക്ളോറോക്വിൻ മരുന്ന് നിര്‍മിക്കാനുള്ള അസംസ്കൃത വസ്തുക്കള്‍ ലഭിക്കും. അതിനാല്‍ കൊവിഡ് 19 മലേറിയ തുടങ്ങിയ രോഗങ്ങള്‍ക്ക് നമുക്ക് ചികിത്സ നല്‍കാനാകുമെന്ന് ബ്രസീല്‍ പ്രസിഡന്റ് പറഞ്ഞു.
ബ്രസീലിലെ ജനങ്ങള്‍ക്ക് സമയബന്ധിതമായി ഈ സഹായം നല്‍കിയതിന് പ്രധാനമന്ത്രി മോദിക്കും ഇന്ത്യന്‍ ജനതയ്ക്കും നന്ദി പറയുന്നതായും ബൊല്‍സാനരോ പറഞ്ഞു. കഴിഞ്ഞ ദിവസം രാമായണത്തില്‍ നിന്നുള്ള ഭാഗം പരാമര്‍ശിച്ച് ഇന്ത്യക്ക് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സാനരോ കത്തെഴുതിയിരുന്നു.
ശ്രീരാമന്റെ സഹോദരനായ ലക്ഷ്മണന്റെ ജീവന്‍ രക്ഷിക്കാന്‍ ഹനുമാന്‍ ഹിമാലയത്തില്‍ നിന്ന് വിശുദ്ധ മരുന്ന് (മൃതസജ്ഞീവനി ) കൊണ്ടു വന്നപോലെ, യേശു ക്രിസ്തു അന്ധന് കാഴ്ച നല്‍കിയ പോലെ ജനങ്ങള്‍ക്കായി ബ്രസീലും ഇന്ത്യയും ഒരുശക്തിയായി നിന്ന് കൊവിഡിനെ അതിജീവിക്കണമെന്ന് ബൊല്‍സാനരോ കത്തില്‍ എഴുതി.
നേരത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബൊല്‍സാനരോയും തമ്മില്‍ ഫോണില്‍ സംസാരിച്ചിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ലോകത്തെ സാഹചര്യങ്ങളെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. എങ്ങനെ യോജിച്ച് നിന്ന് കൊവിഡിനെ നേരിടാമെന്ന് ബൊല്‍സാനരോയുമായി ചര്‍ച്ച ചെയ്‌തെന്ന് മോദി പിന്നീട് ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇന്ത്യക്ക് സാധിക്കുന്ന എല്ലാ സഹായങ്ങളും ബ്രസീലിന് വേണ്ടി നല്‍കുമെന്നും അന്ന് മോദി വാഗ്ദാനം ചെയ്തിരുന്നു.