പാലക്കാട്: അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറില്‍ (എഎംവിഐ) നിന്നും വിജിലന്‍സ് സംഘം കൈക്കൂലിയായി വാങ്ങിയ പണം പിടികൂടി. പാലക്കാട് വേലന്താവളം മോട്ടോര്‍ വാഹന ചെക്ക്പോസ്റ്റില്‍ നടന്ന വിജിലന്‍സ് റെയ്ഡിനിടെയാണ് എഎംവിഐ വി.കെ. ഷംസീറില്‍ നിന്നും 51,150 രൂപ പിടികൂടിയത്.
വിജിലന്‍സ് ഡിവൈഎസ്പി എസ്. ഷംസുദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഇവരെ കണ്ടതോടെ ഓടിരക്ഷപെടാന്‍ ശ്രമിച്ച ഷംസീറിനെ പിന്നീട് പിടികൂടി. പിന്നീട് നടത്തിയ പരിശോധനയില്‍ അടിവസ്ത്രത്തില്‍ നിന്നുമാണ് പണം കണ്ടെത്തിയത്. സെലോ ടേപ്പില്‍ പൊതിഞ്ഞ നിലയിലായിരുന്നു പണം. അന്യസംസ്ഥാന വാഹനങ്ങളില്‍ നിന്നും കൈക്കൂലി വാങ്ങിയ പണമാണെന്നാണ് വിജിലന്‍സ് നല്കുന്ന വിശദീകരണം.