ചെങ്ങമനാട് : അര്‍ധരാത്രി ദേശീയപാതയോരത്ത് ആശുപത്രി മാലിന്യം തള്ളിയ സംഘത്തില്‍നിന്ന് കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഡി.ഐ.ജിയുടെ വകുപ്പ് തല നടപടി. എസ്.ഐക്ക് സസ്പെന്‍ഷനും രണ്ട് പോലീസുദ്യോഗസ്ഥരെ നല്ല നടപ്പിനായി എ.ആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റുകയും ചെയ്തതായി അന്‍വര്‍സാദത്ത് എം.എല്‍.എ അറിയിച്ചു. ഹൈവെ പോലീസ് ഗ്രേഡ് എസ്.ഐ റഷീദിനാണ് സസ്പെന്‍ഷന്‍. സിവില്‍ പോലീസ് ഓഫിസര്‍മാരായ മധു, അരവിന്ദ് എന്നിവരെയാണ് ക്യാമ്പിലേക്ക് മാറ്റിയത്.
ജൂലൈ ആറിന് അര്‍ധരാത്രിയാണ് ചെങ്ങമനാട് പഞ്ചായത്ത് ഓഫിസിന് സമീപം ദേശീയപാതയില്‍ പറമ്പയത്ത് സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള പറമ്പില്‍ കോട്ടയം മെഡിക്കല്‍ കോളജിലെ ദുര്‍ഗന്ധം വമിക്കുന്ന ആശുപത്രി മാലിന്യങ്ങള്‍ തള്ളിയത്. സംഭവം അറിഞ്ഞ് ഹൈവെ പോലീസ് പറമ്പിലെത്തി മാലിന്യം തള്ളുന്നത് നേരിട്ട് കണ്ടെത്തിയെങ്കിലും സംഘം നല്‍കിയ 5000 രൂപ വാങ്ങി മടങ്ങിപ്പോയി.
എന്നാല്‍, മാലിന്യം തള്ളിയ സംഘത്തെയും ടോറസ് വാഹനങ്ങളും പഞ്ചായത്തധികൃതര്‍ ഇടപെട്ട് സി.സി.ടി.വി കാമറയിലൂടെ കണ്ടെത്തി ചെങ്ങമനാട് പോലീസില്‍ അറിയിച്ചിരുന്നു. പോലീസിന് കൈക്കൂലി നല്‍കിയ വിവരം മാലിന്യം തള്ളിയ സംഘം പിന്നീട് പരസ്യമായി വെളിപ്പെടുത്തി. അതോടെയാണ് അന്‍വര്‍ സാദത്ത് എം.എല്‍.എ സംഭവത്തില്‍ ഇടപെടുകയും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ല റൂറല്‍ എസ്.പിക്ക് പരാതി നല്‍കുകയും ചെയ്തത്.
കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ പ്രശ്നം എം.എല്‍.എ സഭയില്‍ ഉന്നയിച്ച് സര്‍ക്കാറിെന്‍റ ശ്രദ്ധയില്‍ കൊണ്ടുവരുകയും ചെയ്തിരുന്നു. വകുപ്പ്തല അന്വേഷണത്തിന് ശേഷം കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസുദ്യോഗസ്ഥര്‍ക്കെതിരെ ഡി.ഐ.ജി നടപടി എടുത്ത വിവരം എസ്.പി എം.എല്‍.എയെ അറിയിക്കുകയായിരുന്നു.