റിയോ ഡി ജനൈറോ: 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് വികസിച്ചുവരുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സ്. ബ്രസീലിലെ റിയോ ഡി ജനൈറോയിൽ നടക്കുന്ന 17-ാം ബ്രിക്സ് ഉച്ചകോടിയിലാണ് ഭീകരതയ്ക്കെതിരേ അംഗരാജ്യങ്ങളുടെ സംയുക്തപ്രഖ്യാപനം. അതിർത്തികടന്നുള്ള ഭീകരതയ്ക്കെതിരേ ഒന്നിച്ചുപോരാടനുള്ള പ്രതിജ്ഞാബദ്ധത ബ്രിക്സ് ആവർത്തിച്ചു. ഭീകരർക്കും ഭീകരർക്ക് സാമ്പത്തികസഹായവും താവളവും നൽകുന്നവർക്കുമെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. ഒപ്പം നിന്നവർക്ക് നന്ദിയെന്നും പഹൽഗാം ഭീകരാക്രമണം മാനവരാശിക്കുനേരേയുള്ള ആക്രമണമാണെന്നും ബ്രിക്സ് ഉച്ചകോടിയെ അഭിസംബോധനചെയ്ത് മോദി പറഞ്ഞു.
ഭീകരരെ പിന്തുണയ്ക്കുന്നവരെയും ഇരകളെയും ഒരുപോലെ കാണരുതെന്നും മോദി വ്യക്തമാക്കി. ഗാസയിലെ യുദ്ധത്തിൽ ഇസ്രയേലിനെ വിമർശിച്ച ബ്രിക്സ് പ്രമേയം, ഗാസയിൽ ഉപാധികളില്ലാതെ അടിയന്തര വെടിനിർത്തൽ വേണമെന്ന് ആവശ്യപ്പെട്ടു. ഇറാനുനേരേയുള്ള ഇസ്രയേലിന്റെയും അമേരിക്കയുടെയും സൈനികനടപടികളെയും അപലപിച്ചു. ബ്രിക്സിൽ ഇറാൻ അംഗമാണ്. ആഗോള സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിക്കുംവിധം ലോകരാജ്യങ്ങൾക്ക് വിവേചനരഹിതമായ തീരുവപ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയിലും ബ്രിക്സ് ആശങ്കയറിയിച്ചു.