കോന്നി : ഭയത്തോടെയാണ് വാഹനയാത്രക്കാർ കരിമാൻതോട് പാലത്തിലൂടെ സഞ്ചരിക്കുന്നത്. കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായ പാലം ഏത് സമയവും നിലം പതിക്കാമെന്ന് നാട്ടുകാർ പറയുന്നു. മുപ്പത് വർഷത്തിലേറെ പഴക്കമുണ്ട് പാലത്തിന്. ജീർണ്ണാവസ്ഥയിലായ പാലത്തിൻറെ അടിഭാഗത്തെ കോൺക്രീറ്റ് പാളികൾ ഇളകി മാറി കമ്പികൾ തെളിഞ്ഞ അവസ്ഥയിലാണ്.
വർഷങ്ങൾ കഴിഞ്ഞു പാലം ഈ അവസ്ഥയിൽ ആയിട്ട്. എന്നിട്ടും നടപടി സ്വീകരിക്കുവാൻ അധികൃതർ തയാറാകുന്നിലെന്നാണ് നാട്ടുകാരുടെ പരാതി. പ്രളയം മൂലം തോട്ടിലൂടെയുണ്ടായ കുത്തൊഴുക്കും പാലത്തിൻറെ ബലക്ഷയം വർധിപ്പിച്ചു.
പ്രളയത്തെ തുടർന്നുണ്ടായ ഉരുൾ പൊട്ടലിനെ തുടർന്ന് പൂച്ചക്കുളം മേഖലയിൽ നിന്ന് ഒഴുകിയെത്തിയ വലിയ പാറകഷ്ണങ്ങളും തടികളും പാലത്തിൻറെ തൂണുകളിൽ ഇടിച്ച് ബലക്ഷയം വർധിച്ചിട്ടുണ്ട്. വാഹനങ്ങൾ കടന്നുപോകുമ്പോൾ പാലത്തിന് കുലുക്കം അനുഭവപ്പെടുന്നതായും നാട്ടുകാർ പറയുന്നു.
ഭാരം കയറ്റിയ വാഹനങ്ങൾ പാലത്തിലൂടെ ഇപ്പോഴും സഞ്ചരിക്കുന്നുണ്ട്. പാലം തകർന്നാൽ തൂമ്പകുളം,മന്ദിരംപടി റോഡ് ഭാഗത്ത് താമസിക്കുന്ന ജനങ്ങൾ പുറം ലോകവുമായി ബന്ധപെടാനാകാതെ ഒറ്റപെടുകയും ചെയ്യും. പുതിയ പാലം എത്രയും വേഗം നിർമ്മിക്കണമെന്നും നാട്ടുകാർ ആവശ്യപെടുന്നു.