തിരുവനന്തപുരം: അറബിക്കടലിൽ സൈനികാഭ്യാസം നടത്തുന്നതിനിടെ ഇന്ധനം കുറഞ്ഞ് അപകടാവസ്ഥയിലായ ബ്രിട്ടീഷ് നാവികസേനാ യുദ്ധവിമാനം ശനിയാഴ്ച രാത്രി വിമാനത്താവളത്തിൽ ഇറക്കി. കേരളതീരത്തുനിന്ന് 100 നോട്ടിക്കൽ മൈൽ (185 കിലോമീറ്റർ) അകലെ നങ്കൂരമിട്ട യുകെ കാരിയർ സ്‌ട്രൈക്ക് ഗ്രൂപ്പിന്റെ (യുകെസിഎസ്ജി 25) ഭാഗമായ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് എന്ന യുദ്ധക്കപ്പലിൽനിന്ന് പറന്നുയർന്ന എഫ് 35 വിമാനമാണ് ഇറക്കിയത്. കടലിൽനിന്ന് 36,000 അടിയോളം പറന്നുയർന്ന വിമാനത്തിന് പ്രതികൂല കാലാവസ്ഥ കാരണം തിരികെ കപ്പലിൽ ഇറങ്ങാനായില്ല. തുടർച്ചയായുള്ള ശ്രമത്തിനിടെ ഇന്ധനം കുറഞ്ഞതോടെ പൈലറ്റ് മൈക്കും ബ്രിട്ടീഷ് സൈനിക കപ്പൽ ഉദ്യോഗസ്ഥരും ഏറ്റവും അടുത്തുള്ള തിരുവനന്തപുരം വിമാനത്താവളം എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ട് ഇറക്കാനുള്ള അനുമതിതേടുകയായിരുന്നു.
വിമാനത്താവള അധികൃതർ പ്രതിരോധവകുപ്പിന്റെയും ഇന്ത്യൻ വ്യോമസേനയുടെയും അനുമതി വാങ്ങിയശേഷം ഇറങ്ങാൻ സൗകര്യമൊരുക്കി. പ്രതിരോധവകുപ്പിന്റെയും വ്യോമസേനയുടെയും പരിശോധനകൾക്കുശേഷം ഇന്ധനംനിറച്ച് തിരിച്ചുപോകാനൊരുങ്ങിയെങ്കിലും സാങ്കേതികത്തകരാർ കാരണം മടക്കയാത്ര മുടങ്ങി. വിമാനം തിരികെക്കൊണ്ടുപോകാനായി ബ്രിട്ടീഷ് കപ്പലിൽനിന്ന് സൈനിക ഹെലികോപ്റ്ററും സാങ്കേതികസംഘവും വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. പൈലറ്റ് മൈക്കിനെ കസ്റ്റംസ്, ഇമിഗ്രേഷൻ നടപടി പൂർത്തിയാക്കിയ ശേഷമാണ് പുറത്തിറങ്ങാൻ അനുവദിച്ചത്. ജൂൺ ഒൻപതുമുതൽ 11 വരെ അറബിക്കടലിൽ ഇന്ത്യൻ നാവികസേനയും ബ്രിട്ടീഷ് നാവികസേനയും ഒരുമിച്ച് പാസെക്‌സ് എന്നപേരിൽ സൈനികാഭ്യാസം നടത്തിയിരുന്നു.