തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിയ F-35 വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി ബ്രിട്ടീഷ് സാങ്കേതിക വിദഗ്ധരെത്തി. ബ്രിട്ടീഷ് വ്യോമസേനയുടെ എയർബസ് A 400Mഅറ്റ്ലസ് ട്രാൻസ്പോർട്ട് വിമാനത്തിലാണ് സംഘം എത്തിയത്. ജൂൺ 14നാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്. 100 മില്യൺ ഡോളർ വില വരുന്ന വിമാനം ബ്രിട്ടീഷ് നാവികസേനയുടേതാണ്. ഇന്ധനം കുറഞ്ഞതിനെ തുടർന്നാണ് ലാൻഡ് ചെയ്യുന്നത് എന്നായിരുന്നു അപ്പോൾ പറഞ്ഞിരുന്നത്. ഹൈഡ്രോളിക് സംവിധാനത്തിന്റെ തകരാറാണ് അടിയന്തിര ലാൻഡിങ്ങിന് കാരണമെന്ന് പിന്നീട് പറഞ്ഞു. കനത്ത മഴയെ തുടർന്ന് വിമാനം ഹാങ്ങറിലേക്ക് മാറ്റാമെന്ന ഇന്ത്യയുടെ നിർദേശം യുകെ തള്ളുകയും ചെയ്തിരുന്നു.
ലോകത്തെ ഏതാനും രാജ്യങ്ങൾക്ക് മാത്രം സ്വന്തമായുള്ള അഞ്ചാം തലമുറയിൽപ്പെട്ട യുദ്ധവിമാനമാണ് ബ്രിട്ടീഷ് നാവികസേനയുടെ അമേരിക്കൻ നിർമിത എഫ് 35. രഹസ്യമായ നിരവധി സാങ്കേതിക സംവിധാനങ്ങൾ കാരണം മറ്റു യുദ്ധവിമാനങ്ങളെക്കാൾ പോരാട്ടശേഷി കൂടിയവയാണ് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ. അമേരിക്കയുടെ തന്നെ എഫ് 22 റാപ്റ്റർ, റഷ്യയുടെ എസ്‌യു 57, ചൈനയുടെ ഛെങ്ഡു ജെ 20, ഷെൻയാങ് ജെ 35, തുർക്കിയുടെ ടിഎഫ്എക്‌സ്- ഖാൻ എന്നിവയാണ് ഈ ഗണത്തിൽപ്പെടുന്ന മറ്റു യുദ്ധവിമാനങ്ങൾ. ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ് 35നെ വെച്ച് കേരള ടൂറിസം വകുപ്പടക്കം പരസ്യം ചെയ്തതും ഏറെ ശ്രദ്ധ നേടിയിരുന്നു.