വിതുര : വാമനപുരം നദിയിലെ കല്ലാർ വട്ടക്കയത്തിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളും സഹോദരീ പുത്രനും മുങ്ങി മരിച്ചു. തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശികളായ അബ്ദുൾ ജവാദ് ഖാൻ(35), വൈ. ഫിറോസ് മോൻ(30), ഇവരുടെ സഹോദരീ പുത്രൻ മുഹമ്മദ് സഫ്‌വാൻ(16) എന്നിവരാണു മരിച്ചത്. ബ്രൈമൂർ പോയതിനു ശേഷം പൊന്മുടിയിലേക്കു വന്ന എട്ടംഗ സംഘത്തിലെ അംഗങ്ങളാണ്.
ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. അപകട സാധ്യത ഏറിയ വട്ടക്കയത്തിനു സമീപമാണ് സംസ്ഥാന ഹൈവേയോടു ചേർന്ന ഊടു വഴിയിലൂടെ കാറിലെത്തിയ സംഘം ഇറങ്ങുകയായിരുന്നു. സംഘത്തിൽ ഉണ്ടായിരുന്നവർ കുളിക്കവേ കൂട്ടത്തിലെ പന്ത്രണ്ട് വയസ്സുകാരി ഹസ്ന ഒഴുക്കിൽപ്പെടുകയായിരുന്നു. ഇവരെ രക്ഷിക്കാനായി ശ്രമിച്ച നാല് പേരിൽ മൂന്നു പേരാണു മരിച്ചത്.
കയത്തിൽ കുടുങ്ങിയതോടെ ഒപ്പം ഉണ്ടായിരുന്നവർ നിലവിളിച്ചതോടെ പരിസരവാസികളെത്തി ഹസ്നയേയും രക്ഷിക്കാനായി ഇറങ്ങിയ പത്തു വയസ്സുകാരൻ ഷഹ്സാദിനെയും കരയിലെത്തിച്ചു. ഹസ്നയെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി.
ഇതിനിടെ മൂവരുടെയും മൃതദേഹം കയത്തിൽ കുടുങ്ങി. നാട്ടുകാർ തിരയുന്നതിനിടെ വിതുരയിൽ നിന്നും ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തുകയും തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഫയർ ഫോഴ്സ് അര മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണു മൂന്നു പേരെയും കരയിൽ എത്തിച്ചത്. ബീമാപള്ളി തയ്ക്കാപ്പള്ളിക്കു സമീപം നടുവിളാകം വീട്ടിൽ മൂഹമ്മദ്, യൂസഫ്, ഐഷാ ബീവി ദമ്പതികളുടെ മക്കളാണു മരിച്ച ജവാദും ഫിറോസും.