4ജി സേവനങ്ങൾ ആരംഭിച്ച ശേഷം നിരക്ക് വർധിപ്പിക്കാൻ ബിഎസ്എൻഎൽ ആഗ്രഹിക്കുന്നില്ലെന്ന് ആവർത്തിച്ച് ബിഎസ്എൻഎൽ. മുൻപ് ഇക്കാര്യം ബിഎസ്എൻഎൽ ബോർഡ് വ്യക്തമാക്കിയിരുന്നു. തങ്ങളുടെ 4ജി സൈറ്റുകൾ ഒക്ടോബറിൽ ആക്ടിവേറ്റ് ചെയ്യാൻ ബിഎസ്എൻഎൽ തയാറെടുപ്പുകൾ നടത്തിവരികയാണ്. ഈ ഘട്ടത്തിലാണ് നിരക്ക് കൂട്ടില്ലെന്നത് സംബന്ധിച്ച ഉറപ്പ് വീണ്ടും ഉണ്ടായിരിക്കുന്നത്. 4ജിക്ക് അധിക നിരക്ക് നൽകേണ്ടിവരില്ല എന്ന് ബിഎസ്എൻഎൽ പറയുന്നുണ്ടെങ്കിലും ഈ 4ജി എപ്പോഴാണ് എത്തുക എന്ന് പറയാറായിട്ടില്ല. ഘട്ടം ഘട്ടമായിട്ടാണ് ബിഎസ്എൻഎൽ 4ജി വ്യാപനം നടക്കുന്നത്. 4ജി വ്യാപനം ഒക്ടോബറിൽ സജീവമാകുമെങ്കിലും എപ്പോൾ ഇത് പൂർത്തിയാകും എന്നതിൽ ഒരു വ്യക്തതയും ഇല്ല.
അടുത്തവർഷം 4ജി വ്യാപനം പൂർത്തിയാക്കുകയും അധികം വൈകാതെ 5ജി സേവനം ആരംഭിക്കുകയും ചെയ്യുമെന്നും 2024ൽ ബിഎസ്എൻഎൽ 4ജി, 5ജി സേവനങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്നുമാണ് കമ്പനിയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. എന്നാൽ കഴിഞ്ഞ വർഷവും ഇതേ വാഗ്ദാനങ്ങൾ തന്നെയാണ് ടെലിക്കോം മന്ത്രി അടക്കമുള്ളവർ നൽകിയത്. പിന്നീട് ഈ അവകാശവാദങ്ങളിൽനിന്ന് അധികൃതർ പിന്നോട്ടുപോകുകയായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കാര്യങ്ങൾ കുറച്ചുകൂടി പുരോഗമിച്ചിട്ടുണ്ട് എന്ന് പറയാം. പരീക്ഷണ അടിസ്ഥാനത്തിൽ പഞ്ചാബിൽ ഉൾപ്പെടെ 4ജി സേവനം ആരംഭിച്ചിട്ടുണ്ട്. ബിഎസ്എൻഎല്ലിന് ഏറ്റവുമധികം സ്വാധീനമുള്ള ടെലിക്കോം സർക്കിളുകളിൽ ആണ് 4ജി വ്യാപനത്തിന് പ്രഥമ പരിഗണന നൽകുക എന്നാണ് റിപ്പോർട്ടുകൾ. ആ നിലയ്ക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിനും പഞ്ചാബിനും ആണ് ആദ്യം ബിഎസ്എൻഎൽ 4ജി ലഭിക്കുക എന്ന് ടെലിക്കോം ടോക്ക് പറയുന്നു. നിലവിൽ കേരളത്തിൽ ബിഎസ്എൻഎല്ലിന്റെ നില മറ്റ് സംസ്ഥാനങ്ങളിലെക്കാൾ മെച്ചമാണ്. 4ജി വ്യാപനം സജീവമാകുമ്പോൾ കേരളത്തിലെ കൂടുതൽ നഗരങ്ങൾ 4ജിക്ക് കീഴിലാകും.