പത്തനംതിട്ട : കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും വെണ്ണിക്കുളത്ത് ബസ് സ്റ്റാന്റും ഷോപ്പിംഗ് കോപ്ലക്‌സും സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ക്കും ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി കോമളം കടവില്‍ ‘കോമളം ഉല്ലാസ കേന്ദ്രം’ ആരംഭിക്കുന്നതിനും ഭവന നിര്‍മാണ മേഖലയ്ക്കും ദാരിദ്ര്യ ലഘൂകരണത്തിനും കാര്‍ഷിക മേഖലയ്ക്കും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പുറമറ്റം ഗ്രാമപഞ്ചായത്തിന്റെ 2024-25 ബജറ്റ് വൈസ് പ്രസിഡന്റ് ജോളി ജോണ്‍ അവതരിപ്പിച്ചു. 18,53,33,178 രൂപ വരവും 18,36,90,753 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് പുറമറ്റം കരിങ്കുറ്റി മലയില്‍ 10 ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള ഓവര്‍ഹെഡ് ടാങ്ക് നിര്‍മിക്കുന്നതിന് സ്ഥലം വാങ്ങുന്നതിനായി എട്ടു ലക്ഷം രൂപയും വകയിരുത്തി.
വെണ്ണിക്കുളത്ത് ബസ് സ്റ്റാന്റും അനുബന്ധമായി ഷോപ്പിംഗ് കോപ്ലക്‌സും പബ്ലിക് മാര്‍ക്കറ്റും തുടങ്ങുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിക്കുന്നതിനും ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി കോമളം കടവില്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടു കൂടി കോമളം ഉല്ലാസ കേന്ദ്രം ആരംഭിക്കുന്നതിനായി 20 ലക്ഷം രൂപ, ഭവനനിര്‍മാണം, ഭവനപുനരുദ്ധാരണം എന്നിവയ്ക്കായി 3.029 കോടി രൂപ, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2.925 കോടി രൂപ, കാട്ടു പന്നികളെ തടയുന്നതിനായി സോളാര്‍ വേലികള്‍ നിര്‍മിക്കുന്നതിന് 15 ലക്ഷം രൂപ ഉള്‍പ്പെടെ കാര്‍ഷിക മൃഗസംരക്ഷണ മേഖലകള്‍ക്കായി ഉല്പാദന മേഖലയില്‍ 74,48,335 രൂപ, ആരോഗ്യമേഖലയിലെ വിവിധ പ്രവര്‍ത്തങ്ങള്‍ക്കായി 38,32,356 രൂപ, ഭിന്നശേഷിക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 13 ലക്ഷം രൂപ, വയോജന ക്ഷേമത്തിനായി 7,88,450 രൂപ, യുവജനങ്ങള്‍ക്ക് സ്റ്റാര്‍ട്ട് അപ് സംരഭങ്ങള്‍ ആരംഭിക്കുന്നതിന് അഞ്ചു ലക്ഷം രൂപ, ശുചിത്വ മാലിന്യസംസ്‌കരണ പരിപാടികള്‍ക്കായി 27,60,600 രൂപ, അങ്കണവാടികള്‍ക്ക് സ്ഥലം വാങ്ങുന്നതിനായി ഒന്‍പതു ലക്ഷം രൂപ, റോഡുകളുടെ നിര്‍മാണത്തിനായി 1.3 കോടി രൂപ, പൊതു കെട്ടിടങ്ങളുടെ നിര്‍മാണത്തിനായി 87,77,247 രൂപ, പരമ്പരാഗത ഊര്‍ജ്ജസംരക്ഷണത്തിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും സോളാര്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കല്‍, ഗ്രാമപഞ്ചായത്താഫീസ്, ടേക്ക് എ ബ്രേക്ക്, എം.സി.എഫ് എന്നീ സ്ഥാപനങ്ങളിലേക്കാവശ്യമായ വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് സോളാര്‍ യൂണിറ്റ് സ്ഥാപിക്കുന്നതിനും എല്ലാ അങ്കണവാടികളിലും സോളാര്‍ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനും തെരുവ് വിളക്ക് പരിപാലനത്തിനുമായി 25 ലക്ഷം രൂപ, വിപണന പ്രോത്സാഹന പരിപാടികളുടെ ഭാഗമായി പുറമറ്റം, വെണ്ണിക്കുളം മാര്‍ക്കറ്റുകള്‍ക്കായി 2 ലക്ഷം രൂപ, വെള്ളപ്പൊക്ക ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പുറമറ്റം മേഖലയിലും വെണ്ണിക്കുളം മേഖലയിലും വള്ളങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനായി 5 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഒ മോഹന്‍ദാസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റിന്‍സി തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോഷ്‌നി ബിജു, ഗ്രാമപഞ്ചായത്തംഗങ്ങളായ റെയ്ച്ചല്‍ ബോബന്‍, കെ.കെ. നാരായണന്‍, രശ്മിമോള്‍, സൗമ്യ വിജയന്‍, ജൂലി കെ. വര്‍ഗീസ്, സാബു ബെഹനാന്‍, ശോശാമ്മ തോമസ്, ഷിജു പി. കുരുവിള, സെക്രട്ടറിഎം.പി അനില്‍കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി എന്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍, അക്കൗണ്ടന്റ് സിജി ഗോപാലകൃഷ്ണന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.