കൊച്ചി : കേരളത്തിലെ 14 ജില്ലകളിലും ബഡ്സ് കോടതികള്‍ ( Banning of Unregulated Deposit Schemes) സ്ഥാപിക്കുവാന്‍ നടപടിയെടുത്തുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ജില്ലാ കോടതികളാണ് ബഡ്സ് കോടതികളായി മാറ്റിയത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതിയോടുകൂടി ഇതിന്റെ നടപടികള്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം മൂന്നു ദിവസത്തിനുള്ളില്‍ ഉണ്ടാകുമെന്നും സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ ന്യുട്ടന്‍സ് ലോ അഭിഭാഷകരായ മനോജ് വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ റ്റി.കെ എന്നിവര്‍ മുഖേന നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
സംസ്ഥാനത്ത് ബഡ്സ് ആക്ട് നടപ്പിലാക്കുവാനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ രൂപീകരിക്കണമെന്നും ഈ കാലയളവിനുള്ളില്‍ ബഡ്സ് കോടതികള്‍ സ്ഥാപിക്കണമെന്നും നവംബര്‍ 23 ലെ ഉത്തരവിലൂടെ കേരളാ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായില്ല. ഇതിനെത്തുടന്നാണ് പി.ജി.ഐ.എ കോടതിയലക്ഷ്യ ഹര്‍ജിയുമായി നീങ്ങിയത്.
എല്ലാ ജില്ലകളിലും ബഡ്സ് കോടതികള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് തട്ടിപ്പിനിരയായ നിക്ഷേപകര്‍ക്ക് ഏറെ ആശ്വാസമാണ്. സ്വന്തം ജില്ലയിലെ കോടതിയില്‍ത്തന്നെ ഇനി കേസ് നടത്താം. തന്നെയുമല്ല തട്ടിപ്പിനിരയായ നിക്ഷേപകര്‍ക്ക് അനുകൂലമായ ഉത്തരവുകളും നടപടികളും ഉണ്ടാകുകയും ചെയ്യും. ബഡ്സ് ആക്ട് കേരളത്തില്‍ നടപ്പിലാകുമ്പോള്‍ ആദ്യകേസ് പോപ്പുലര്‍ ഫിനാന്‍സിന്റെയാണ്. സമാനമായ തട്ടിപ്പുകള്‍ മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ഇനിയും ഉണ്ടായാല്‍ ബഡ്സ് കോടതിയായിരിക്കും ആ കേസുകള്‍ കൈകാര്യം ചെയ്യുക.