കോഴിക്കോട്: ബഫര്‍ സോണില്‍ കേരള സര്‍ക്കാര്‍ പുതിയ പ്രൊപ്പോസല്‍ നല്‍കിയിട്ടില്ലെന്ന് കേന്ദ്രം. ബഫര്‍ സോണ്‍ വിഷയത്തില്‍ എല്ലാം ശരിയാക്കിയെന്ന് സംസ്ഥാനം അവകാശപ്പെടുമ്പോഴും 2022 ജൂണ്‍ 3 ലെ ഇടക്കാല വിധിക്കും, 2023 ഏപ്രില്‍ 26 ലെ അന്തിമ വിധിക്കും ശേഷം കേരള സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നുള്ള വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. സുപ്രീം കോടതിയും, കേന്ദ്ര സര്‍ക്കാരും ആണ് എല്ലാം തീരുമാനിക്കേണ്ടത് എന്ന പതിവ് പല്ലവി ആവര്‍ത്തിച്ചുകൊണ്ടിരുന്ന കേരള സര്‍ക്കാര്‍, വന്യജീവി സങ്കേതങ്ങളുടെയും, ദേശീയ ഉദ്യാനങ്ങളുടെയും ബഫര്‍ സോണ്‍ പരിധിയില്‍ വരുന്ന നിര്‍മ്മിതിയുടെ കണക്കെടുക്കാന്‍ പലതവണ മാപ്പ് പ്രസിദ്ധീകരിക്കുകയും കവലകളില്‍ കുടില്‍കെട്ടിവരെ സാധാരണക്കാരില്‍ നിന്നും രേഖകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊക്കെ പരിഗണിച്ച് ബഫര്‍ സോണ്‍ പരിധിയില്‍ വരുന്ന ജനവാസമേഖലകള്‍ ഒഴിവാക്കുന്നതിനായുള്ള പുതിയ പ്രൊപ്പോസലുകള്‍ ഒന്നും ഇതുവരെയും കേന്ദ്രത്തിന് കൊടുത്തിട്ടില്ലന്നാണ് കിഫ കൊടുത്ത വിവരാവകാശ അപേക്ഷക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നല്‍കിയ മറുപടി.
ബഫര്‍ സോണ്‍ വിഷയത്തില്‍ എല്ലാം കേന്ദ്രത്തിന്റെ കൈയ്യിലാണന്നും, അവര്‍ പറഞ്ഞതുപോലെ ഞങ്ങള്‍ ചെയ്തു എന്നും പറഞ്ഞ് സംസ്ഥാന സര്‍ക്കാരിന് കൈ കഴുകാനുള്ള അവസരം 2023 ഏപ്രില്‍ 26 ന് വന്ന സുപ്രീം കോടതി വിധിയോടെ ഇല്ലാതായി. ബഫര്‍ സോണ്‍ സംബന്ധിച്ച തീരുമാനം സംസ്ഥാനസര്‍ക്കാരിന്റെ അധികാര പരിധിയിലാണ് വരുന്നതെന്നും, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാം എന്നും സുപ്രീം കോടതി വിധിന്യായത്തില്‍ എടുത്തുപറഞ്ഞിട്ടുമുണ്ട്. എന്നിട്ടും പൂര്‍ണമായി ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കി പുതിയ പ്രോപ്പസലുകള്‍ സമര്‍പ്പിക്കാത്തത് ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒളിച്ചുകളി വെളിവാക്കുന്നതാണ്.