തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ കോഴിക്കോട്ടെ മലയോര കര്‍ഷകരെ സംഘടിപ്പിച്ച് ജനകീയ സമരത്തിനൊരുങ്ങി കോണ്‍ഗ്രസ്. വനമേഖലയ്ക്ക് സമീപം താമസിക്കുന്ന കർഷകരെ വഞ്ചിക്കുകയാണ് സർക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. നേരിട്ട് സ്ഥലപരിശോധന നടത്താതെ ഉപഗ്രഹ സർവേ റിപ്പോർട്ട് മാത്രം പരിഗണിച്ച് ബഫർ സോൺ നിശ്ചയിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. ഇക്കാര്യത്തിൽ ജനങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കുമെന്നും സതീശൻ പറഞ്ഞു. 20ന് കൂരാച്ചുണ്ടില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും. കഴിഞ്ഞ ദിവസം പുറത്തുവിട്ട ബഫര്‍ സോണ്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് ജനങ്ങളെ ആശങ്കയിലാക്കുന്നതാണെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസം പുറത്തുവിട്ട ബഫര്‍ സോണ്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് ജനങ്ങളെ ആശങ്കയിലാക്കുന്നതാണെന്നാണ് ആരോപണം. സാറ്റലൈറ്റ് സര്‍വേയ്ക്ക് പകരം ഗ്രൗണ്ട് സര്‍വേ നടത്തണമെന്നാണ് ആവശ്യം. പരിസ്ഥിതി ലോല മേഖലകളെ കുറിച്ച് കേരള റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്റര്‍ തയ്യാറാക്കിയ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടാണ് വിവാദമായത്. ഇത് കര്‍ഷകര്‍ക്കിടയില്‍ ആശങ്ക പരത്തുന്നു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
റിപ്പോര്‍ട്ടില്‍ ബഫര്‍ സോണില്‍ ഉള്‍പ്പെട്ടതായി സൂചിപ്പിക്കുന്ന കോഴിക്കോട്ടെ ചക്കിട്ടപ്പാറ, ചങ്ങരോത്ത് , മരുതോങ്കര കൂരാച്ചുണ്ട് തുടങ്ങിയ ജനവാസ മേഖലകളില്‍ വേണ്ടത്ര പരിശോധന നടത്തിയിട്ടില്ലെന്നാണ് ആക്ഷേപം. സ്ഥലപ്പേരുകള്‍ കൊടുക്കാതെ പ്രദേശങ്ങളുടെ സര്‍വേ നമ്പറുകള്‍ മാത്രം നല്‍കിയതും പ്രധാന റോഡുകളുടെയും പുഴകളുടെയും അതിരുകള്‍ അടയാളപ്പെടുത്താത്തതും ഗുരുതര പിഴവാണെന്ന് കോണ്‍ഗ്രസ്. പുറത്തുവിട്ട റിപ്പോര്‍ട്ട് സംബന്ധിച്ച പരാതികള്‍ അറിയിക്കാന്‍ അനുവദിച്ച സമയവും പരിമിതമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.